CrimeNEWS

അവധികഴിഞ്ഞ് കാര്‍ഗില്‍ വിജയദിനത്തില്‍ ജോലിക്കു മടങ്ങിയ സൈനികന്‍ കാര്‍ മിനിലോറിയുമായി കൂട്ടിയിടിച്ച് മരിച്ചു

ചേര്‍ത്തല: കാര്‍ഗില്‍ ദിനത്തില്‍ നാടിനെ ദുഖത്തിലാഴ്ത്തി സൈനികന്‍ അപകടത്തില്‍ മരിച്ചു. തകഴി പടഹാരം കായിത്തറ ചാക്കോ ജോസഫിന്റെ മകന്‍ നായിക് സുബേദാര്‍ ബിനു ചാക്കോ (39) ആണ് കാര്‍ മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

കരസേനയില്‍ നായ്ക് സുബേദാറായി അസം റെജിമെന്റില്‍ ജോലി ചെയ്യുന്ന ബിനു കഴിഞ്ഞ 12 നാണ് അവധിക്കായി നാട്ടിലെത്തിയത്. തുടര്‍ന്ന് ഇന്നലെ അവധി പൂര്‍ത്തിയായി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Signature-ad

സുഹൃത്തിന്റെ കാര്‍ എറണാകുളത്ത് തിരികെ ഏല്‍പ്പിച്ച ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള തയാറെടുപ്പില്‍ സ്വയംഡ്രൈവ് ചെയ്ത് പുറപ്പെട്ട ബിനു സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ തിരുവിഴ ഓട്ടോ കാസ്റ്റിന് സമീപം മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പൊള്ളാച്ചിയില്‍നിന്ന് തേങ്ങയുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മിനിലോറി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ ബിനുവിനെ കാര്‍ പൊളിച്ച് പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ബിനുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പടഹാരം സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.

ചാക്കോ ജോസഫ് തങ്കമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് ബിനു ചാക്കോ. ഭാര്യ: ഷൈനി (അധ്യാപിക, ദേവമാത സ്‌കൂള്‍ ചേന്നങ്കരി). മക്കള്‍: സിയോണ്‍, ഷാരോണ്‍, മരിയ ടി. ടെസ്റ്റി.

 

Back to top button
error: