ചിന്തന്‍ ഷിബിരില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കുന്നതിനോടും ആരെയും മാറ്റി നിര്‍ത്തുന്നതിനോടും തനിക്ക് യോജിപ്പില്ലെന്ന് കെ മുരളീധരന്‍. അഭിപ്രായങ്ങള്‍ നിര്‍ഭയമായി പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് അത്തരമൊരു വേദി വിനിയോഗിക്കേണ്ടതാണെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. ചിലരുടെ ഇഷ്ടത്തിന് അനുസരിച്ച് ആരും വേണ്ടെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ മുരളീധരന്റെ വാക്കുകൾ : ”ആരെയും മാറ്റി നിര്‍ത്തരുതെന്ന അഭിപ്രായക്കാരനാണ് ഞാന്‍. പാര്‍ട്ടിയുടെ പ്രധാനപരിപാടി നടക്കുമ്പോള്‍ മാറി നില്‍ക്കുന്നത് ശരിയല്ല. കാരണം പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ മാറി നില്‍ക്കുന്ന രീതിയോട് യോജിപ്പില്ല. എന്നാല്‍ അഭിപ്രായം നിര്‍ഭയമായി പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് അത്തരമൊരു വേദി വിനിയോഗിക്കേണ്ടതാണ്.”
മുന്നണി വിട്ടവരെ തിരികെ കൊണ്ടു വരണമെന്നും മുന്നണിയില്‍ നിന്ന് പോയവര്‍ക്ക് നോ എന്‍ട്രി ബോര്‍ഡ് വയ്ക്കരുതെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.”ചിലരുടെ ഇഷ്ടത്തിന് അനുസരിച്ച് ആരും വേണ്ടെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ല. മുന്നണിയില്‍ നിന്ന് വിട്ടുപോയവരെല്ലാം തിരിച്ചുവരണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അന്നും ഇന്നും ഞാന്‍ അതേ അഭിപ്രായക്കരനാണ്. അവരുടെ മുന്നില്‍ നോ എന്‍ട്രി ബോര്‍ഡ് വയ്‌ക്കേണ്ട. മുന്നണി ശക്തമാണെങ്കില്‍ അല്ലേ കൂടുതല്‍ ആള്‍ക്കാര്‍ വരൂ. അത് ശക്തിപ്പെടുത്താനുള്ള നടപടി ആദ്യം സ്വീകരിക്കുക. അപ്പോള്‍ സ്വാഭാവികമായി വരാന്‍ ആഗ്രഹമുള്ളവരുണ്ടാകും. അവരെ സ്വീകരിക്കും.”-മുരളീധരന്‍ പറഞ്ഞു.