ദില്ലി: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് നടനും ബിജെപി എംപിയുമായ രവി കിഷൻ. നാല് കുട്ടികളുടെ പിതാവാണ് രവി കിഷൻ. ഉത്തർപ്രദേശിലെ ഗോരഖ്പൂർ എംപിയാണ് ഇദ്ദേഹം. മൂന്ന് പെൺകുട്ടികളും ഒരു മകനുമാണ് എംപിക്കുള്ളത്. ജനസംഖ്യ നിയന്ത്രണ ബിൽ കൊണ്ടുവരുമ്പോൾ മാത്രമേ നമുക്ക് വിശ്വഗുരുവാകാൻ കഴിയൂ. ജനസംഖ്യ നിയന്ത്രണത്തിലാക്കുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ജനസംഖ്യ ഈ രീതിയിൽ വർധിക്കുന്നത് തുടർന്നാൽ രാജ്യത്ത് ജനസംഖ്യാ വിസ്ഫോടനമുണ്ടാകും. ബിൽ അവതരിപ്പിക്കാൻ എന്നെ അനുവദിക്കണമെന്നും എനിക്ക് എന്താണ് പറയാനുള്ളത് കേൾക്കണമെന്നും പ്രതിപക്ഷത്തോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമനിർമ്മാണ നടപടികളൊന്നും കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. ദേശീയ ജനസംഖ്യാ നയം -2000, ദേശീയ ആരോഗ്യ നയം- 2017 എന്നിവയ്ക്ക് അനുസൃതമായി 2045-ഓടെ ജനസംഖ്യ സ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പവാർ പറഞ്ഞു.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ അനുസരിച്ച് ജനന നിരക്ക് 019-21 ൽ 2.0 ആയി കുറഞ്ഞു. ഇത് പ്രതീക്ഷിച്ചതിലും താഴെയാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ഉൾപ്പെടെയുള്ള നിരവധി ബിജെപി നേതാക്കൾ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യാ വളർച്ച തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2023ൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.