ബെംഗളൂരു: ഭൂമി വിതരണ അഴിമതിക്കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് സുപ്രീം കോടതിയില്‍നിന്ന് താല്‍ക്കാലിക ആശ്വാസം. യെദ്യൂരപ്പയ്ക്കെതിരായ ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീംകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു.
കേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
യെദ്യൂരപ്പ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന 2006-07 കാലത്ത് ഐ.ടി. പാര്‍ക്ക് വികസനത്തിനായി ദേവര ഭീഷനഹള്ളിയിലും ബെലന്ദൂരിലുമുള്ള ഭൂമി അനധികൃതമായി അനുവദിച്ചെന്നായിരുന്നു കേസ്.
സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ 2013-ല്‍ ആണ് യെദ്യൂരപ്പയ്‌ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍. ചുമത്തിയത്.
ഈ കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2020-ല്‍ യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി യെദ്യൂരപ്പയുടെ ഹര്‍ജി നിരസിക്കുകയായിരുന്നു.