പതിതരെയും പാവങ്ങളെയും നെഞ്ചോടു ചേർക്കാനും അംഗ പരിമിതരെ സഹായിക്കാനും കണ്ണൂരിലെ അഴീക്കോട് ഒരു മാതൃകാ സ്ഥാപനം. വൻകുളത്തുവയലിലെ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ കച്ചവടക്കാരൻ ഇല്ലാത്ത കട. ഈ കടയിൽ കയറി ആരും സാധനങ്ങളെടുത്ത് കൊണ്ടുപോയതായി പരാതിയുയർന്നിട്ടില്ല. പക്ഷേ, ഈ ആളില്ലാക്കടയിലെ പെട്ടിയിൽ വിറ്റുപോകുന്ന സാധനത്തേക്കാളും പണം നിക്ഷേപിക്കാറുണ്ട് എല്ലാവരും.
‘തണൽ മരമായി ജനശക്തി. അതിന്റെ ചില്ലകളാകാൻ നിങ്ങൾ ഓരോരുത്തരും’ കടയിലെ ബോർഡാണിത്.
ഈ ആശയം കാരുണ്യം വറ്റാത്ത സമൂഹം ഏറ്റെടുത്തതോടെ പകരംവയ്‌ക്കാനില്ലാത്ത സംരംഭമായി മാറുകയായിരുന്നു ആളില്ലാക്കട. അരയ്‌ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ആശ്രയമൊരുക്കാനാണ് 2019ൽ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് കച്ചവടക്കാരൻ ഇല്ലാത്ത കട എന്ന സംരംഭത്തിനു തുടക്കം കുറിച്ചത്.
ചലനശേഷി നഷ്ടപ്പെട്ട് ജീവിതം ഇരുളിലായവർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ജനശക്തി അംഗങ്ങൾ വീടുകളിൽ പോയി ശേഖരിച്ച് കടയിലെത്തിക്കും. സോപ്പ്, വാഷിങ്ങ് പൗഡർ, പേന, ഫെനോയിൽ, സാനിറ്റൈസർ, കുട, ഡിഷ് വാഷ് ബാർ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് കടയിലുള്ളത്. സാധനങ്ങൾ തെരഞ്ഞെടുത്തശേഷം പണം കടയിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കാം. സാധനങ്ങൾ വാങ്ങുന്നതിനൊപ്പം മഹത്തായ ഒരു കാരുണ്യ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആളുകൾ ഉൽപ്പന്നത്തിന്റെ വിലയേക്കാൾ കൂടുതൽ തുക പെട്ടിയിൽ നിക്ഷേപിക്കാറുണ്ട് പലപ്പോഴും.
അകാലത്തിൽ മരിച്ച അഴീക്കോടിന്റെ പ്രിയ ചിത്രകാരി ചിഞ്ചുഷയുടെ സ്മരണാർഥം ജനശക്തി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് കട പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ഉൾപ്പെടെ മികച്ച വിറ്റുവരവാണുണ്ടായത്. സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞ് കൗതുകം തോന്നിയവർ ദൂരസ്ഥലങ്ങളിൽനിന്നുൾപ്പടെ കട കാണാനും സാധനങ്ങളെടുക്കാനും എത്തുന്നു. ജനശക്തിയുടെ ആംബുലൻസ് സർവീസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരംഭം ആരംഭിച്ചത്. ലൈസൻസുള്ള ആർക്കും ജനശക്തിയുടെ ആംബുലൻസ് ആവശ്യാനുസരണം ഉപയോഗിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സേവനം സൗജന്യമാണ്. വാഹനത്തിലുള്ള ബോക്സിൽ പണം ഉള്ളതനുസരിച്ച് നിക്ഷേപിക്കാം.
നിരവധി കുടുംബാംഗങ്ങൾക്ക് ഈ സംരംഭത്തിലൂടെ സ്ഥിരവരുമാനം ലഭിക്കുന്നു. കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുൾപ്പടെ ജനശക്തിയുടെ ഈ സംരംഭം ഭാവിയിൽ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.എം. സുഗുണൻ അറിയിച്ചു.