മുംബൈ: രാവിലെ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സൂചികകള്‍ ഉയര്‍ന്നു നില്ക്കവേ വ്യാപാരം അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെന്‍സെക്സ് 284 പോയിന്റ് അഥവാ 0.5 ശതമാനം ഉയര്‍ന്ന് 55,682ലും എന്‍എസ്ഇ നിഫ്റ്റി 50 89 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് 16,610ലും ക്ലോസ് ചെയ്തു. നിഫ്റ്റി പിഎസ്ബി സൂചിക 1.56 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ഫാര്‍മ 0.4 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1.3 ശതമാനം വരെ ഉയര്‍ന്നു.
ജൂണിലെ തകര്‍ച്ചയില്‍നിന്ന് ഒമ്പതുശതമാനത്തോളം വിപണികള്‍ കുതിച്ചുയര്‍ന്നു. വിദേശ നിക്ഷേപകരുടെ പിന്തുണയോടെ ആഗോള വിപണികളില്‍നിന്നുള്ള സമ്മര്‍ദത്തെ ചെറുക്കാന്‍ ആഭ്യന്തര സൂചികകള്‍ക്ക് കഴിഞ്ഞു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം നിര്‍ണായകമാകും. മുക്കാല്‍ ശതമാനം നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, യുപിഎല്‍, എല്‍ ആന്‍ഡ് ടി, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍ എന്നിവ 2 മുതല്‍ 8 ശതമാനം വരെ ഉയര്‍ന്നു. കൂടാതെ, ടെക് എം, ഗ്രാസിം, ദിവിസ് ലാബ്സ്, ആക്സിസ് ബാങ്ക്, അദാനി പോര്‍ട്ട്സ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, പവര്‍ ഗ്രിഡ് എന്നിവ 2 ശതമാനം വരെ ഉയര്‍ന്നു. കോട്ടക് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്സ്, എസ്ബിഐ ലൈഫ്, സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. രണ്ട് ശതമാനം വരെ ഇവ ഇടിഞ്ഞു.
രാവിലെ 80 കടന്ന രൂപയുടെ വിനിമയ നിരക്ക് ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിന് 79.95 എന്ന നിലയിലാണ്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 79.98 ആയിരുന്നു. ജൂലൈ 26 ന് യു എസ് ഫെഡ് നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക് എത്താനുള്ള സാധ്യത ഉണ്ട്.