KeralaNEWS

സോണിയ ഗാന്ധി ഓഗസ്റ്റ് മൂന്നിന് ഹാജരാകാന്‍ കൊല്ലം മുന്‍സിഫ് കോടതി ഉത്തരവ്; പരാതിക്കാരന്‍ കോണ്‍ഗ്രസ് നേതാവ്

കൊല്ലം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഓഗസ്റ്റ് മൂന്നിന് ഹാജരാകാന്‍ കൊല്ലം മുന്‍സിഫ് കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കുണ്ടറയിലെ നേതാവ് പൃഥ്വിരാജ് നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്.

സോണിയാ ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണങ്ങളെത്തുടര്‍ന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ കുണ്ടറയിലെ പ്രാദേശിക നേതാവായിരുന്ന പൃഥ്വിരാജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Signature-ad

സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് നിവേദനം നല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. കെപിസിസി അംഗങ്ങളുടെ തെരഞ്ഞെടുക്കുമ്പോള്‍ കുണ്ടറ ബ്ലോക്കില്‍ നിന്നുള്ള പ്രതിനിധിയെ കേസിന്റെ തീരുമാനം വരുന്നതുവരെ നിശ്ചയിക്കരുതെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. അഡ്വ. ബോറിസ് പോള്‍ മുഖേനയാണ് പൃഥീരാജ് മുന്‍സിഫ് കോടതിയെ സമീപിച്ചത്.

Back to top button
error: