ഇടുക്കി: കാട്ടാന വീട് ആക്രമിച്ചതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ കഴിഞ്ഞ് കുടുംബം. നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികള്‍ക്കാണ് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. പുലര്‍ച്ചെ നാല് മണിയോടെ വീടിന് മുന്നിലെത്തിയ കാട്ടാന വീടിന്റെ ചുമരുകള്‍ തകര്‍ത്തു.
വീടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അവിടെ തന്നെ നിലയുറപ്പിച്ച കാട്ടാന ഭീതി ജനിപ്പിച്ചു. ഇതോടെ നയമക്കാട് എല്‍പി സ്കൂളിലെ പ്രധാനാധ്യാപികകൂടിയായ മഹാലക്ഷ്മിയും ഭര്‍ത്താവ് സോളമന് രാജയും മറ്റൊരു വാതിലിലൂടെ പുറത്തു കടന്ന് അടുത്തുള്ള സ്കൂള്‍ കെട്ടിടത്തില്‍ അഭയം തേടുകയായിരുന്നു.
പിന്നീട് ഫോണിലൂടെ വിവിരം അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തി ശബ്ദം ഉയര്‍ത്തിയതോടെ കാട്ടാന മടങ്ങിയപ്പോഴാണ് ദമ്പതികളുടെ ശ്വാസം നേരെ വീണത്. ഇരുവരും അഭയം തേടിയ സ്കൂളിന്റെ ശുചിമുറികള്‍ ഒരാഴ്ച മുമ്പ് കാട്ടാന തകര്‍ത്തിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിലെ എസ്റ്റേറ്റുകളില്‍ കാട്ടാനകള്‍ തുടരെ ഭീതി പടര്‍ത്തുകയാണ്. കാട്ടാനയുടെ മുമ്പില്‍പ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെറിഞ്ഞതിനു പിന്നാലെയാണ് നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികള്‍ക്കും ആക്രമണം നേരിടേണ്ടി വന്നത്.