മലയാളികള്‍ ഉള്‍പ്പെട്ട ആനവേട്ട സംഘത്തെ കൊടൈക്കനാലില്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ഡിഗലില്‍നിന്നു കടത്തിക്കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുകള്‍ കേരളത്തിലേക്കു കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. തമിഴ്നാട് വനം വകുപ്പിന്റെ ചെന്നൈയിലെ ആസ്ഥാനത്തു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് ഒമ്പതംഗ സംഘത്തെ കുടുക്കിയത്. തൃശൂര്‍, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായ മലയാളികള്‍.
കൊടൈക്കനാല്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പന നടക്കുന്നു എന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളും ഹോട്ടലുകളും വനം വകുപ്പ് സംഘം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പലമലൈയിലെ ഹോട്ടലിൽ നിന്ന് ഒൻപതംഗ സംഘത്തെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ആനക്കൊമ്പും തോക്കുകളും കണ്ടെടുത്തു. ഇതില്‍ ഒരാള്‍ പിന്നീട് വനം വകുപ്പിന്റെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഷീദ്, തൃശ്ശൂര്‍ സ്വദേശി സിബിന്‍ തോമസ് എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. കൊടൈക്കനാല്‍, മധുര, ദിണ്ഡിഗല്‍ സ്വദേശികളാണു സംഘത്തിലെ മറ്റുള്ളവര്‍. തിരുച്ചിറപ്പള്ളില്‍ നിന്നാണ് ആനക്കൊമ്പ് ലഭിച്ചതാണെന്നാണു മൊഴി. റഷീദും സിബിന്‍ തോമസും ആനക്കൊമ്പ് വാങ്ങാന്‍ എത്തിയവരാണ്. വന്‍സംഘമുണ്ട് ഇടപാടുകള്‍ക്കു പിന്നില്‍ എന്നാണ് വനംവകുപ്പ് പറയുന്നത്.