കേരളത്തിൽ വ്യാപകമായി തുടരുന്ന തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു വരെ നാശമുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്, വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളില് വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായി.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ചിലയിടങ്ങളിൽ ഇന്നലെ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
.
വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളിൽ, ആരംഭിച്ച വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. മരങ്ങൾ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി കെ എസ് ഇ ബി ജീവനക്കാർ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്.
ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണ്.
വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ച് രേഖപ്പെടുത്താവുന്നതാണ്.