കോണ്‍ഗ്രസ് ധനശേഖരണത്തില്‍ അവ്യക്തതകള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രൊഫഷണല്‍ ഓഡിറ്റര്‍മാരെ നിയോഗിച്ച് കണക്കുകള്‍ പരിശോധിക്കാനൊരുങ്ങി കെപിസിസി. പാര്‍ട്ടി ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് ഇനി മുതല്‍ കൃത്യമായ രീതിയില്‍ മുന്നോട്ട് പോകുവാനാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ നിര്‍ദേശം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കെപിസിസി അക്കൗണ്ടുകളില്‍ പ്രൊഫഷണല്‍ ഓഡിറ്റിംഗ് നടത്തുന്നത്. പാര്‍ട്ടി അദ്ധ്യക്ഷനും അദ്ദേഹത്തിന്റെ ഓഫീസിനും അറിയാത്ത അഞ്ചോ ഏഴോ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ടുകള്‍ മാറിയതിനെ തുടര്‍ന്നാണ് സുധാകരന്റെ ഈ തീരുമാനം.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ പണസംബന്ധമായ കാര്യങ്ങളില്‍ പരിശോധന നടത്താനാണ് കെ സുധാകരന്‍ ഒരുങ്ങുന്നത്. പല ബാങ്ക് അക്കൗണ്ടുകളിലായി പണം സൂക്ഷിക്കുന്നതില്‍ അവ്യക്തത ഉണ്ടെന്നും ഇനി അങ്ങനെ പോരാ, വ്യക്തത വേണമെന്നുമാണ് സുധാകരന്റെ തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങളിലുള്ളവര്‍ പറയുന്നു.