CrimeNEWS

ജഡ്ജിയെ നേരില്‍ക്കണ്ട് ജയില്‍മോചിതനാകണം; മരത്തില്‍ക്കയറി കൊലക്കേസ് പ്രതി; ഒടുവില്‍ കൊമ്പൊടിഞ്ഞ് ഫയര്‍ഫോഴ്‌സ് വലയില്‍

തിരുവനന്തപുരം: ജാമ്യം കിട്ടാന്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രതി ഒടുവില്‍ കൊമ്പൊടിഞ്ഞ് താഴെ. കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയായ സുഭാഷ് എന്ന തടവുകാരനാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

രണ്ട് മണിക്കൂറോളം നീണ്ട നാടകീയതയ്ക്കൊടുവില്‍ മരത്തിലെ ശിഖരമൊടിഞ്ഞ് സുഭാഷ് താഴെ വിരിച്ചിരുന്ന വലയിലേക്ക് വീണു. മരത്തിന് താഴെ ഫയര്‍ഫോഴ്‌സ് ഒരുക്കിയ വലയിലേക്കാണ് സുഭാഷ് വീണത്. ഇയാളെ ജയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

ഏഴ്മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുഭാഷ്, ജഡ്ജിയെ നേരില്‍ കണ്ട് ജയില്‍ മോചിതനാകണം എന്ന ആവശ്യമുയര്‍ത്തിയാണ് മരത്തില്‍ക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ജഡ്ജി നേരിട്ട് വന്ന് ജാമ്യം ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ താഴെയിറങ്ങുവെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. മാധ്യമങ്ങളോട് സംസാരിക്കണമെന്നും കുടുംബത്തെ കാണണമെന്നുമുള്ള ആവശ്യവും മരത്തിന് മുകളിലിരുന്ന് ഇയാള്‍ മുന്നോട്ട് വെച്ചിരുന്നു.

നെട്ടുകാല്‍തേരി തുറന്ന ജയിലിലെ തടവുകാരനായിരുന്നു സുഭാഷ്. ഒരുമാസം മുമ്പാണ് ഇയാളെ പൂജപ്പുരയിലേക്ക് കൊണ്ടുവന്നത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്നാണ് ജയില്‍ വാര്‍ഡന്‍ പറയുന്നത്. കൊവിഡ് കാലത്ത് പുറത്തിറങ്ങിയ തടവ് പുള്ളികള്‍ക്ക് ഒപ്പം ഇയാളുമുണ്ടായിരുന്നു.

എന്നാല്‍ മടങ്ങി വരാനുള്ള സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു വരികയായിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച ഇയാളെ പിന്നീട് പൂജപ്പുരയിലേക്ക് മാറ്റുകയായിരുന്നു. ജയിലിലെ ഉദ്യോഗസ്ഥരുടെ ഒപ്പം ഓഫീസ് കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തു കൊണ്ടുവന്നപ്പോഴാണ് രക്ഷപ്പെട്ട് മരത്തിന് മുകളില്‍ കയറിയത്.

Back to top button
error: