മസ്കറ്റ്: കനത്ത മഴയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ പുതിയ തീരുമാനം.
ഞായറാഴ്ച സലാലയിലെ ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ പെട്ട് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കടലില്‍ കാണാതാകുകയാണുണ്ടായത്.
ഏതാനും ദിവസം മുമ്പ് നിറഞ്ഞുകിടന്ന വാദികളില്‍ അപകടത്തില്‍പ്പെട്ട് മൂന്ന് കുട്ടികളും മുങ്ങി മരിച്ചിരുന്നു. ഈ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുകയും വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു.
ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.