LIFEMovie

വിവാദ സംഭാഷണം: ഒന്നിച്ചെത്തി മാപ്പുപറഞ്ഞ് പൃഥ്വിരാജും ഷാജി കൈലാസും ലിസ്റ്റിന്‍ സ്റ്റീഫനും; വിവാദ ഭാഗം തിരുത്തി ഇന്ന് രാത്രി അപ്‌ലോഡ് ചെയ്യും

തിരുവനന്തപുരം: കടുവ സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണത്തില്‍ ഒന്നിച്ചെത്തി പത്രസമ്മേളനത്തില്‍ മാപ്പ് പറഞ്ഞ് അണിയറപ്രവര്‍ത്തകര്‍. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ നേരിട്ടെത്തിയാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ നിരപാധികം ക്ഷമചോദിച്ചത്. ചിത്രത്തിലെ സംഭാഷണം ഒഴിവാക്കിയിട്ടുണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

മാപ്പ്, ഉള്ളില്‍നിന്ന് ക്ഷമ ചോദിക്കുന്നു. എന്റെ പേരിലും സിനിമയുടെ പേരിലും. ഇനി പറയാന്‍ പോകുന്നത് ന്യയീകരണമല്ല. ”നമ്മള്‍ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുക” എന്നാണ് ആ സംഭാഷണം. പറയാന്‍ പാടില്ലാത്ത ഒരു കാര്യം കുര്യച്ചന്‍ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ സീനില്‍ ഉദ്ദേശിച്ചത്.

Signature-ad

അതിന് ശേഷം ജോസഫ്, ‘അവന്‍ എന്റെ ദിവസം നശിപ്പിച്ചു’ എന്ന് പറയുന്നു. ‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’ എന്ന് കുര്യച്ചന് കുറ്റബോധം തോന്നുന്നു. അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് സംവദിക്കുന്നതില്‍ പരാജയപ്പെട്ടു. നായകന്‍ അങ്ങനെ പറയുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സിനിമയുടെ നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങള്‍ക്ക് ഈ സംഭാഷണം പ്രശ്നമാകുമെന്ന് കരുതിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ മാപ്പ് പറയുന്നത്.

ചിത്രത്തിലെ പ്രശ്നമായ ആ സംഭാഷണം മാറ്റിയെന്നും പൃഥ്വിരാജ് പറഞ്ഞു. ”സംഭാഷണം എടുത്തുമാറ്റണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. ഇന്നലെ സെന്‍സര്‍ ബോര്‍ഡ് അവധിയായിരുന്നു. ഇന്ന് രാത്രിയോടു കൂടി പുതിയ കണ്ടന്റ് അപ്‌ലോഡ് ചെയ്യും. വിദേശത്ത് കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നത് ഞങ്ങളല്ല. അതുകൊണ്ട് ഒരിക്കല്‍ കൂടി മാപ്പ് പറയുന്നു. സിനിമയ്ക്ക് പ്രവര്‍ത്തിച്ച എല്ലാവര്‍ക്ക് വേണ്ടിയും”- പൃഥ്വിരാജ് പറഞ്ഞു.

വിവാദത്തിന്‍െ്‌റ പേരില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടതിനെക്കുറിച്ച് -”എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ ശരിയും തെറ്റും അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത് ” എന്ന് പൃഥ്വിരാജ് പ്രതികരിച്ചു.

Back to top button
error: