പനാജി : ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറി ബിജെപിയിലേക്ക് പോവുമെന്ന പ്രചാരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ വസതിയിൽ. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കാണുകയാണ്. മറ്റു രണ്ടു കോൺഗ്രസ് എംഎൽഎമാർക്കൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. അതേ സമയം, അഭ്യൂഹങ്ങൾക്കിടെ സാഹചര്യം വിശദീകരിക്കാൻ കോൺഗ്രസ് വിളിച്ച വാർത്താ സമ്മേളനം വൈകുകയാണ്. കോൺഗ്രസ് ആസ്ഥാനത്ത് ഇതുവരെ രണ്ട് എംഎൽഎമാർ മാത്രമാണെത്തിയത്.
നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കാരിക്കെയാണ് ഗോവയിൽ വൻ രാഷ്ട്രീയ നാടങ്ങൾക്ക് കളമൊരുങ്ങുന്നതായി അഭ്യൂഹം ശക്തമായത്. 11 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരെങ്കിലും ബിജെപിയിലേക്ക് പോവുമെന്നാണ് അഭ്യൂഹം. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോയുമെല്ലാം ഈ കൂറ് മാറ്റത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം. എംഎൽഎമാരെ കോൺഗ്രസ് ഇന്ന് മഡ്‍ഗാവിലെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും ദിഗംബർ കാമത്ത് എത്തിയില്ല. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് പട്ക്കർ ഇടഞ്ഞ് നിൽക്കുന്ന ദിഗംബർ കാമത്തിനെ വീട്ടിലെത്തി കണ്ടു. ദിഗംബർ കാമത്ത് ഇതിനോടകം പനാജിയിലേക്ക് തിരിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് മൈക്കൾ ലോബോ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയത്. ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതായിരുന്നു പാർട്ടി മാറ്റത്തിന് കാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദിഗംബർ കാമത്തിന് പകരം മൈക്കൾ ലോബോയെ കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കി. 2019 ൽ അന്നത്തെ പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവലേക്കറും 9 കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് പോയ അനുഭവം കോൺഗ്രസിനുണ്ട്. കൂറ് മാറ്റം സർക്കാരിന്‍റെ ഭാവിയെ ബാധിക്കില്ലെങ്കിലും ഓഗസ്റ്റിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടക്കേണ്ട സാഹചര്യത്തിൽ ഇപ്പോഴത്തെ നീക്കങ്ങൾ നിർണായകമാണ്.