ദില്ലി: പവർ ഗ്രിഡ് കോർപ്പറേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ബി എസ് ജായും ടാറ്റ പ്രോജക്ട്സിലെ 5 ജീവനക്കാരെയും ഉൾപ്പടെ 6 പേരെ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. പവർ ഗ്രിഡ് കോർപ്പറേഷൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കരാറുകൾ അനധികൃതമായി ലഭിക്കാൻ സ്ഥാപനത്തിൻ്റെ ജീവനക്കാരും ഉദ്യോഗസ്ഥനും ഒത്തു കളിച്ചെന്നാണ് സിബിഐ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് 11 ഇടങ്ങളിൽ സിബിഐ റെയ്ഡും നടത്തിയിരുന്നു. 93 ലക്ഷം രൂപ ബി എസ് ജായുടെ വീട്ടിൽ നിന്നും കണ്ടെത്തി. പ്രതികളെ ഹരിയാന കോടതിയിൽ ഹാജരാക്കി ജൂലൈ 15 വരെ റിമാൻഡ് ചെയ്തു.
അതേസമയം നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എം ഡി സ്ഥാനത്തുനിന്നും സതീഷ് അഗ്നിഹോത്രിയെ റെയിൽവേ നീക്കി. ഉദ്യോഗസ്ഥനെതിരെ നേരത്തെ പലവിധ ആരോപണങ്ങൾ ഉയർന്നിരുന്നു, സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. NHSRCL ഡയറക്ടർ രാജേന്ദ്ര പ്രസാദിന് പകരം ചുമതല നൽകി, കേന്ദ്ര സംസ്ഥാന സംയുക്ത ഉടമസ്ഥതയിൽ ഉള്ള കമ്പനിയായ NHSRCL ആണ് ഹൈ സ്പീഡ് റെയിൽ പ്രോജക്ടുകൾ നടപ്പാക്കുന്നത്.