ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരേ നിയമനടപടിയുമായി ട്വിറ്റര്‍. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണു കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണു ഹര്‍ജിയില്‍ ട്വിറ്ററിന്റെ ആരോപണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മറുപടിയായി ട്വീറ്റ് ചെയ്തു. രാജ്യത്ത് 2.4 കോടി ഉപയോക്താക്കളാണു ട്വിറ്ററിനുള്ളത്. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം 28നു ട്വിറ്ററിന് ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജൂെലെ നാലിനകം നടപടി വേണമെന്നായിരുന്നു നിര്‍ദേശം. ഉള്ളടക്കം െകെകാര്യം ചെയ്യുന്ന പ്ലാറ്റ്ഫോം എന്ന നിലയില്‍ നിയമബാധ്യതകളിലുള്ള ഇളവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ട്വിറ്റര്‍ ഈയാഴ്ചയാണ് ഈ ഉത്തരവുകള്‍ പാലിക്കാന്‍ സജ്ജമായത്. ദേശീയ സുരക്ഷ അടക്കമുള്ളവ മുന്‍നിര്‍ത്തി സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം വിലക്കാന്‍ ഐടി നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട ചില തെറ്റായ വിവരങ്ങള്‍ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയും ട്വിറ്റര്‍ തുടക്കത്തില്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ഏറ്റുമുട്ടല്‍ വഷളാകുന്നത്.
രാജ്യാന്തര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസ്, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും ബ്ലോക്ക് ചെയ്യാനും ട്വിറ്ററിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഉള്ളടക്കം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും സര്‍ക്കാരും ട്വിറ്ററും പരസ്പരം കൊമ്പുകോര്‍ത്തിട്ടുണ്ട്. 2021-ല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം ബ്ലോക്ക് ചെയ്ത 80-ലധികം അക്കൗണ്ടുകളുടെ പട്ടിക ട്വിറ്റര്‍ നേരത്തെ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു.