ഡല്‍ഹിയിലെ മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എം എല്‍ എമാര്‍ എന്നിവരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലുകള്‍ ഡല്‍ഹി നിയമസഭ പാസാക്കി.തിങ്കളാഴ്ച്ച ആരംഭിച്ച ദ്വിദിന മണ്‍സൂണ്‍ സെഷനില്‍ നീതിന്യായ നിയമനിര്‍മാണ മന്ത്രി കൈലാഷ് ഗെഹ്ലോട്ടാണ് ശമ്പളവും അലവന്‍സും 66 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള 5 ബില്ലുകള്‍ അവതരിപ്പിച്ചത്.ഡല്‍ഹി എം എല്‍ എമാരുടെ ശമ്പളവും അലവന്‍സും പ്രതിമാസം 54,000 രൂപയില്‍ നിന്ന് 90,000 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചര്‍ച്ചയില്‍ പറഞ്ഞു.അടിസ്ഥാന ശമ്പളം 30,000 രൂപ, സെക്രട്ടേറിയല്‍ അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 10,000 രൂപ, ഗതാഗത അലവന്‍സ് 10,000 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ശമ്പളവും അലവന്‍സും.
സംസ്ഥാനങ്ങളിലെ എം എല്‍ എമാരെ അപേക്ഷിച്ച് ഡല്‍ഹി എം എല്‍ എമാരുടെ ശമ്പളം ഏറ്റവും താഴ്ന്നതാണെന്ന് എ എ പി സര്‍ക്കാര്‍ പല അവസരങ്ങളിലും അവകാശപ്പെട്ടിരുന്നു.പക്ഷെ അവകാശവാദത്തിന് വിരുദ്ധമായി പുതിയ തീരുമാനത്തോടെ തലസ്ഥാന എംഎല്‍എമാരുടെ ശമ്പളം മറ്റ് പല സംസ്ഥാനങ്ങളിലെ എംഎല്‍എമാരേക്കാള്‍ കൂടുതലാണ്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം തെലങ്കാനയിലെ നിയമസഭാംഗങ്ങളാണ് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത്,പ്രതിമാസം 2,50,000രൂപയാണ് ശമ്പളം.