PravasiTRENDING

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ്; രണ്ട് വ്യാജ ഓഫീസുകളില്‍നിന്ന് 11 പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ് ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രണ്ട് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് റെയ്ഡ് നടത്തി. പരിശോധനയില്‍ 11 പ്രവാസികള്‍ പിടിയിലായി. കുവൈത്തിലെ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.

ഹവല്ലിയിലെയും ജലീബിലെയും ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ജലീബ് അല്‍ ഷുയൂഖിലെ ഓഫീസില്‍ നിന്ന് റെസിഡന്‍സി, തൊഴില്‍ നിയമ ലംഘകരായ ഒമ്പത് സ്ത്രീകളെയാണ് പിടികൂടിയത്. ഇവര്‍ വിവിധ രാജ്യക്കാരാണ്. ഹവല്ലിയിലെ ഓഫീസില്‍ നിന്ന് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയിലും 600ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഒമ്പത് പിടികിട്ടാപ്പുള്ളികളെയും പരിശോധനയില്‍ പിടികൂടി. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, കുവൈത്ത് മുന്‍സിപ്പാലിറ്റി എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 11 താമസനിയമ ലംഘകരെയും അറസ്റ്റ് ചെയ്തു.

നിയമം ലംഘിച്ച 44 ഗ്യാരേജുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അലക്ഷ്യമായി നിര്‍ത്തിയ 514 വാഹനങ്ങളില്‍ മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിച്ചു. നിഷ്ചിത സമയത്തിനുള്ളില്‍ വാഹനം മാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധന തുടരുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: