
അടൂര്‍: നഗരത്തിലെ റോഡിന്റെ വശങ്ങള് ഇന്റര്ലോക്ക്വിരിക്കാന് െവെകുന്നത് മൂലം വ്യാപാരികളും വാഹനയാത്രക്കാരും ബുദ്ധിമുട്ടുന്നു. റോഡ് ടാറിങ് പൂര്‍ത്തീകരിച്ച ശേഷം വശങ്ങളില് ഇന്റര്‍ലോക്ക് വിരിക്കാന്‍ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇന്റര്‍ലോക്ക് വിരിക്കല്‍ നടക്കുന്നില്ല. ഇപ്പോള്‍ റോഡിന്റെ ഇരുവശങ്ങളും താഴ്ന്നു കിടക്കുകയാണ്. അതിനാല്‍ റോഡരികിലേക്ക് വാഹനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
കടകളില്‍ പോകുന്നവര്‍ ടാറിങ് ഭാഗത്ത് തന്നെ വാഹനങ്ങള്‍ നിര്‍ത്തി ഇടുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും ടൗണില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
ഹോളിക്രോസ് ജങ്ഷന് മുതല്‍ കെ.എസ്.ആര്.ടി.സി. ജങ്ഷന് വരെ റോഡിന്റെ ഇരുവശങ്ങളിലും നിരനിരയായി കടകളുണ്ട്.
ഇവിടെ വരുന്ന ഉപഭോക്താക്കള്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷമാണ് കടകളില്‍ പോകുന്നത്. എന്നാല്‍ വശങ്ങളിലെ പാത്തി കാരണം അതിന് കഴിയാത്ത സ്ഥിതിയുണ്ട്. റോഡിന്റെ വശങ്ങള് താഴ്ന്ന് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ തെന്നിമാറി പാത്തിയില്‍ വീഴുന്നതും പതിവായിട്ടുണ്ട്. ഇരുചക്രവാഹന യാത്രികരാണ് അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും.
കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് മോഹന്‍ ഡ്രൈവിങ് സ്കൂളിന് മുന്‍വശത്ത് കാര്‍ കുഴിയിലേക്ക് ചരിഞ്ഞ് അപകടമുണ്ടായി. ഇവിടെ കുറച്ചു ഭാഗത്ത് വലിയതോതില്‍ മണ്ണ് നീക്കം ചെയ്തത് കൂടുതല്‍ അപകടത്തിനിടയാക്കുന്നു. ഹോളിക്രോസ് ജങ്ഷന് ഭാഗത്തും ഫയര്‍ സ്റ്റേഷനു മുന്‍വശത്തുമാണ് അല്പമെങ്കിലും സ്ഥലത്ത് ഇന്റര്‍ലോക്ക് വിരിച്ചിട്ടുള്ളത്. ഫയര്‍ സ്റ്റേഷന് മുതല്‍ കെ.എസ്.ആര്.ടി.സി. ജങ്ഷന് വരെ റോഡിന് ഇരുവശവും പാത്തി എടുത്തിട്ടിരിക്കുകയാണ്.
മഴയായതോടെ പാത്തിയില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില് ഇറങ്ങുമ്പോള്‍ അടി തട്ടി യന്ത്രത്തകരാറുണ്ടാകുന്നുണ്ട്.
ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് ഭാഗത്ത് റോഡരികിലെ പാത്തിയില്‍ ഇന്റര്‍ലോക്ക് കൂട്ടിയിട്ടിരിക്കുന്നത് വെള്ളം ഒഴുക്കി നെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൗണ്‍ വികസന പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
2018ലാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരട്ടപ്പാലം നിര്‍മാണം ആരംഭിച്ചത്.
11 കോടി രൂപ ചെലവിട്ട് ഇരട്ട പാലം നിര്‍മാണം, ടൗണ്‍ റോഡ് ടാറിങ്, നഗര സൗന്ദര്യവത്ക്കരണ പദ്ധതി ഉള്‍പ്പെടെയുള്ളവ വളരെ പൂര്‍ത്തീകരിക്കുമെന്നാണ് പറഞ്ഞതെങ്കിലും പണികള്‍ക്ക് ഒച്ചിഴയും വേഗമാണെന്ന് നാട്ടുകാര്‍.






