കോട്ടയം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഡി. സി. സി. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ചു ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡി.െവെ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ. മിഥുന്‍ (അമ്പിളി), ബ്ലോക്ക് കമ്മിറ്റിയംഗം വിഷ്ണു ഗോപാല്‍, അരുണ്‍ കുമാര്‍, വിഷ്ണു രാജേന്ദ്രന്‍ എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്. കലാപാന്തരീക്ഷം സൃഷ്ടിക്കല്‍ , അന്യായമായി സംഘം ചേരല്‍, സ്വകാര്യ വസ്തു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് എ.കെ. ജി. സെന്ററിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് ഡി.സി.സി. ഓഫീസിനു നേരെ ആക്രമണമുണ്ടായത്.
ഡി. സി. സി. ഓഫീസിനു നേരെ കല്ലും തീപ്പന്തവും എറിയുകയായിരുന്നു. ഡി.സി.സി. ഓഫീസിന് പോലീസ് കാവലുള്ളപ്പോഴായിരുന്നു സംഭവം. ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ കിട്ടിയിട്ടും പോലീസ് പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭയില്‍ ഉള്‍പ്പെടെ ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ അനൂപ് കൃഷ്ണയുടെ മുന്നില്‍ പ്രതികള്‍ ഹാജരാകുകയായിരുന്നു.
- അറസ്റ്റിലായവരില്‍ എസ്.ഐയുടെ തൊപ്പിയെടുത്തുവച്ച് സെല്‍ഫിയെടുത്തയാളും !
അറസ്റ്റിലായവരില്‍ പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ തൊപ്പിയെടുത്തുവച്ച് സെല്‍ഫിയടുത്തയാളും. ഇന്നലെ അറസ്റ്റിലായ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മിഥുനാണു വിവാദ നായകന്‍.2017 ഓഗസ്റ്റിലായിരുന്നു വിവാദ സംഭവം.
കുമരകത്തു ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറിയെയും ബി.എം.എസ്. പഞ്ചായത്ത് പ്രസിഡന്റിനെയും അക്രമിച്ച കേസിലാണ് ഡി.െവെ.എഫ്.ഐ. മേഖലാ സെക്രട്ടറിയായിരുന്ന മിഥുനെ അറസ്റ്റ് ചെയ്തത്. പോലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ച് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അറസ്റ്റ് ചെയ്ത് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച മിഥുന്‍ എസ്.ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ചിത്രം അന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റായിരുന്ന എന്‍. ഹരി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണു വിവരം പുറംലോകമറിയുന്നത്. കുമരകം കണ്ണാടിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്ന മിഥുനെ സംഭവത്തെത്തുടര്‍ന്ന് സി.പി.എം. സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ മുന്നില്‍ നിന്നതും മിഥുനായിരുന്നുവെന്നു നേതാക്കള്‍ പറയുന്നു.