കൊല്‍ക്കത്ത: മധ്യവര്‍ത്തി കുടുംബങ്ങളുടെ ജീവിതഗന്ധിയായ കഥകള്‍ വെള്ളിത്തിരയിലെത്തിച്ച പ്രശസ്ത ബംഗാളി സംവിധായകന് തരുണ്‍ മജുംദാര്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
‘അലോര്‍ പിപാസ’ എന്ന ചിത്രത്തിലൂടെ ബസന്ത ചൗധരിക്കൊപ്പമാണ് തരുണ്‍ മജുംദാര്‍ സിനിമയിലേക്കെത്തുന്നത്. മുമ്പ് ദിലീപ് മുഖോപാധ്യായ്, സച്ചിന് മുഖര്‍ജി എന്നിവര്‍ക്കൊപ്പം യാത്രിക് എന്ന സിനിമാ കൂട്ടായ്മയുടെ ഭാഗമായിരുന്നു തരുണ്‍ മജുംദാര്‍. 1963-ല്‍ യാത്രിക് വേര്‍പിരിഞ്ഞു.
ബാലികാ ബധു (1976), കുഹേലി (1971), ശ്രീമാന്‍ പൃഥ്വിരാജ് (1972), ഗണദേവത (1978) ദാദര്‍ കീര്‍ത്തി (1980) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. ഉത്തംകുമാര്‍, സുചിത്ര സെന്‍, ഛബ്ബി ബിശ്വാസ്, സൗമിത്ര ചാറ്റര്‍ജി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മികച്ച ചിത്രങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു.
1931 ജനുവരി എട്ടിന് ജനിച്ചു. മജുംദാറിന്റെ പിതാവ് ബീരേന്ദ്രനാഥ് മജുംദാര്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. നാല് ദേശീയ അവാര്‍ഡുകള്‍, ഏഴ് ബിഎഫ്ജെഎ അവാര്‍ഡുകള്‍, അഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ആനന്ദലോക് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1990-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.