SportsTRENDING

എഡ്ബാസ്സ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റ്: രണ്ടാം ദിനം ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

എഡ്ജ്ബാസ്റ്റണ്‍: എഡ്ബാസ്സ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇടക്കിടെ രസംകൊല്ലിയായി എത്തിയ മഴക്കിടയിലും വിക്കറ്റ് പെയ്ത് നടത്തി ഇന്ത്യന്‍ പേസര്‍മാര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍  84 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. 12 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ക്രീസില്‍. മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ബാക്ക് ഫൂട്ടിലാക്കിയത്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിന് 332 റണ്‍സ് പുറകിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഓവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ടതിന് പിന്നാലെ പന്തെടുത്തപ്പോഴും ബുമ്ര ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലക്സ് ലീസിനെയും സാക്ക് ക്രോളിയെയും തുടക്കത്തിലെ മടക്കി ബുമ്ര തന്നെയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.  മൂന്നാം ഓവറിലെ അവസാന പന്തില്‍ ലീസിനെ(6) ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മറ്റൊരു ഓപ്പണറായ സാക്ക് ക്രോളിയെ ബുമ്ര ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച ബുമ്ര ഇരട്ടപ്രഹേല്‍പ്പിച്ചു.

Signature-ad

ഇടക്കു പെയ്ത ചെറിയ മഴക്കുശേഷം കളി വീണ്ടും പുനരാരാംഭിച്ചപ്പോഴും ബുമ്ര ഇംഗ്ലണ്ടിനെ വലച്ചു. മികച്ച പോമിലുള്ള ഒലി പോപ്പിനെ മടക്കിയാണ് ബുമ്ര ഇംഗ്ലണ്ടിന്‍റെ തകര്‍ച്ചയുടെ ആഴം കൂട്ടിയത്. എന്നാല്‍ പിന്നീട് മഴയെത്തിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ ആക 27 ഓവര്‍ മാത്രമാണ് ഇന്ന് കളി നടന്നത്. ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും മുഹമ്മദ് ഷമിക്ക് മുന്നില്‍ പതറിയ റൂട്ടിനെ പതിവ് ഫോമിലേക്ക് ഉയരാനായില്ല.

ഷമിയുടെ പന്തുകള്‍ പലവട്ടം അതിജീവിച്ച റൂട്ട് ഒടുവില്‍ മുഹമ്മദ് സിറാജിന്‍റെ ബൗണ്‍സിന് മുന്നില്‍ വീണു. 31 റണ്‍സെടുത്ത റൂട്ടിന്‍റെ നിര്‍ണായക വിക്കറ്റ് സമ്മാനിച്ച സിറാജ് ഇന്ത്യക്ക് രണ്ടാം ദിനം മുന്‍തൂക്കം നല്‍കി. റൂട്ട് കൂടി മടങ്ങിയതോടെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തകര്‍ത്തടിച്ച ജോണി ബെയര്‍സ്റ്റോ പ്രതിരോധത്തിലേക്ക് വലിഞ്ഞു. റൂട്ടിന് പകരം നൈറ്റ് വാച്ച്മാനായി ജാക്ക് ലീച്ചിനെ അയച്ച ഇംഗ്ലണ്ട് തന്ത്രവും പാളി. മുഹമ്മദ് ഷമിയുടെ സ്വിംഗിന് മുന്നില്‍ ലീച്ച്(0) അക്കൗണ്ട് തുറക്കാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് 83-5ലേക്ക് കൂപ്പുകുത്തി.

ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 11 ഓവറില്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി 13 ഓവറില്‍ 33 റണ്‍സിനും മുഹമ്മദ് സിറാജ് മൂന്നോവറില്‍ രണ്ട് റണ്‍സിനും ഓരോ വിക്കറ്റെടുത്തു.

നേരത്തെ റിഷഭ് പന്തിന് (146) പിന്നാലെ രവീന്ദ്ര ജഡേജയുടെ സെഞ്ചുറിയുടെയും (104) വാലറ്റത്ത് ജസ്പ്രീത് ബുമ്രയുടെ വെടിക്കെട്ടിന്‍റെയും കരുത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ട ബുമ്രയാണ് ഇന്ത്യയെ 416 റണ്‍സിലെത്തിച്ചത്. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് നേടി. ഏഴിന് 338 എന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന രണ്ട് വിക്കറ്റില്‍ 78 റണ്‍സ് അടിച്ചു കൂട്ടി. മൂന്നാം ടെസ്റ്റ് സെഞ്ചുറി നേടിയ ജഡേജയും 16 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജസ്പ്രീത് ബുമ്രയുമാണ് രണ്ടാം ദിനം ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍. മുഹമ്മദ് ഷമി 16 റണ്‍സടിച്ചു.

13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുഹമ്മദ് ഷമി (16) മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ ആന്‍ഡേഴ്സണ് മുന്നില്‍ ജഡേജയും മുട്ടുകുത്തിയതോടെ ഇന്ത്യ 400 കടക്കില്ലെന്ന് കരുതിയെങ്കിലും ബ്രോഡിനെതിരെ ബുമ്ര നടത്തിയ റണ്‍വേട്ട ഇന്ത്യയെ 400 കടത്തി.

Back to top button
error: