പാലക്കാട്: പാലക്കാട്ടെ രണ്ട് ബിവറേജ് ഔട്ട്ലറ്റുകളിൽ മോഷണ ശ്രമം. പാലക്കാട് കണ്ണാടിക്കടുത്ത വടക്കുമുറി, തേങ്കുറുശ്ശി എന്നിവിടങ്ങളിലെ ബെവറേജസ് ഔട്ട്ലറ്റുകളിലാണ് രാത്രി മോഷണശ്രമം നടന്നത്. പണമോ മദ്യമോ നഷ്ടമായിട്ടില്ലെങ്കിലും രണ്ടിടത്തെയും സിസിടിവി, ഹാർഡ് ഡിസ്കുകൾ നഷ്ടമായിട്ടുണ്ട്.
രണ്ടിടത്തും ഷട്ടറുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കേറിയത്. പണം സൂക്ഷിച്ചിട്ടുള്ള ലോക്കർ തകർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചില്ല. ജീവനക്കാർ രാവിലെ എത്തുമ്പോഴാണ് ഷട്ടറുകൾ തകർത്തത് അറിയുന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പണമോ മദ്യമോ നഷ്ടമായിട്ടില്ലെങ്കിലും കള്ളന്മാർ ആളറിയാതിരിക്കാൻ സിസിടിവിയുടെ പ്രവർത്തനം താറുമാറാക്കിട്ടുണ്ട്.