IndiaNEWS

ഉദയ്പുരിലെ നിഷ്ഠൂര കൊലപാതകികളെ കോടതി പരിസരത്ത് വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം

ന്യൂഡല്‍ഹി: പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കടയുടമ കനയ്യ ലാലിനെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി പരിസരത്ത് വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം. ജയ്പൂരിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന രണ്ട് പ്രതികളെ ചുറ്റും നിന്ന രോക്ഷാകുലരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

പാകിസ്താന്‍ മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ജനം മുഴക്കി. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതികളെ പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. കോടതി പരിസരത്ത് തടിച്ചുകൂടിയ ജനങ്ങളും അഭിഭാഷകരും പ്രതികളെ കണ്ടതോടെ ആക്രോശിച്ച് അവര്‍ക്ക് നേരെ തിരിയുകയായിരുന്നു.

Signature-ad

ചൊവ്വാഴ്ചയാണ് ഉദയ്പൂരിലെ തയ്യല്‍ക്കടയുടമയായ കനയ്യ ലാലിനെ ഒരു സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യപ്രതികളായ റിയാസ് അക്താരിയേയും ഗോസ് മുഹമ്മദിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെ കൂടി പോലീസ് പിന്നീട് പിടികൂടി. നാല് പ്രതികളേയും ഇന്ന് ജയ്പൂരിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികളെ കോടതി ജൂലായ് 12 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ തനിക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന് മരണപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കനയ്യ ലോക്കല്‍ പോലീസിനെ അറിയിച്ചിരുന്നു.കൊലപാതകികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

Back to top button
error: