തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായതിനു പിന്നാലെ പോലീസ് ഗസ്റ്റ് ഹൗസില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരും പി.സി. ജോര്‍ജുമായി വാക്കേറ്റം. അറസ്റ്റിലായതു സംബന്ധിച്ച പ്രതികരണം നടത്തുന്നതിനിടെ പരാതിക്കാരിയുടെ പേര് ജോര്‍ജ് പറഞ്ഞതിനെ മാധ്യമപ്രവര്‍ത്തക ഷീജ ചോദ്യം ചെയ്തതാണ് ജോര്‍ജിനെ പ്രകോപിപ്പിച്ചത്.
പരാതി ശരിയോ തെറ്റോ എന്നതിനപ്പുറം പരാതിക്കാരിയുടെ പേര് പറയുന്നത് ശരിയാണോയെന്ന കൈരളി ടി വി റിപ്പോർട്ടർ ഷീജയുടെ ചോദ്യത്തിന്, എന്നാല്‍ നിങ്ങളുടെ പേര് പറയാം എന്നായിരുന്നു ജോര്‍ജിന്‍െ്റ മറുപടി. ഇതിനെതിരേ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ പിന്നെ ആരുടെ പേര് പറയണം എന്നായി ജോര്‍ജ്. ഇതില്‍ മാപ്പു പറയില്ലെന്നും തന്‍െ്റ മര്യാദയാണ് എന്നും ജോര്‍ജ് പറഞ്ഞു. മര്യാദകേട് കാണിച്ചതുകൊണ്ടാണ് കേസെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകയും തിരിച്ചടിച്ചു. വാക്കേറ്റം മൂത്തതോടെ പോലീസ് ജോര്‍ജിനെ അവിടെനിന്നു കൊണ്ടുപോകുകയായിരുന്നു.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്കിയ പീഡന പരാതിയിലാണ് ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (എ) വകുപ്പുകള്‍ ചേര്‍ത്ത് ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ഉടന്‍ പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ, 12.40ന് ആണ് പി.സി.ജോര്‍ജിനെതിരെ സോളാര്‍ തട്ടിപ്പ് കേസ് പ്രതി പരാതി നല്‍കിയത്. ഒരു മണിക്കൂറിനകം എഫ്ഐആര്‍ ഇട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ആഹാരം കഴിച്ചയുടന്‍ പിസി.ജോര്‍ജിനെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്.