NEWS

കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണനെ വീണ്ടും ഓർമ്മ വരുമ്പോൾ

പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഓരോ മലയാളിയും ശങ്കരനാരായണൻ എന്ന അച്ഛനെ ഓർക്കും.
ആരാണ് ഈ ശങ്കരനാരായണൻ? പലരും മറന്നു കാണില്ല, പക്ഷേ, ആരൊക്കെയൊ മറന്നു തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണല്ലോ  നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ.
 സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് നമ്മുടെ നിയമവ്യവസ്ഥയുടെ പഴുതുകളിലൂടെ ജാമ്യം ലഭിച്ചപ്പോൾ മലപ്പുറത്ത് ഒരു അച്ഛൻ അന്നാദ്യമായി തോക്കെടുത്തു. അയാളുടെ പേരായിരുന്നു ശങ്കരനാരായണൻ.
മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണന് കൃഷ്ണപ്രിയ എന്നൊരു മകളുണ്ടായിരുന്നു.രണ്ട് ആൺമക്കൾക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകൾ. ഏട്ടൻമാരുടെ പ്രിയ അനിയത്തിക്കുട്ടിയായി, അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി 13 വയസുവരെ ജീവിക്കാനേ പക്ഷെ അവൾക്ക് യോഗമുണ്ടായിരുന്നുള്ളു…
 2001 ഫെബ്രവരി ഒൻപതിന് സ്കൂൾ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് പിടിയിലായ പ്രതിയെ കോടതി പതിവുപോലെ ശിക്ഷിച്ചു.അതുവരെ വായിച്ചു പഴകിയ സ്ഥിരം പീഡനക്കേസുകളിൽ ഒന്നുമാത്രമായിരുന്നു കൃഷ്ണപ്രിയയുടേതും. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് കൊല്ലപ്പെട്ടതോടെ കൃഷ്ണപ്രിയയുടെ ഓമനത്തമുള്ള കുഞ്ഞുമുഖവും ഒപ്പം നിസ്സഹായനായ ഒരു അച്ഛനും ജനങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.
 മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചുവെന്ന വാർത്തയും ഇതേതുടർന്ന് ശങ്കരനാരായണൻ പോലീസിനു കീഴടങ്ങിയ വാർത്തയും ഞെട്ടലോടെയാണ് അന്ന് സമൂഹം കേട്ടത്.നിസ്സഹായനായ അച്ഛനിൽ നിന്നും ശങ്കരനാരായണൻ ഹീറോ പരിവേഷത്തിലേക്ക് മാറിയത് വളരെ വേഗത്തിലാണ്.മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും മലയാളികൾ മന:സാക്ഷിയുടെ കോടതിയിൽ നിർത്തി ശങ്കരനാരായണനെ എന്നേ വെറുതെ വിട്ടിരുന്നു.
കാലിവളർത്തിയായിരുന്നു ശങ്കരനാരായണൻ കുടുംബം പോറ്റിയിരുന്നത്. കൃഷ്ണപ്രിയ മരിച്ചശേഷം മകളോടൊത്തു കിടന്നുറങ്ങിയ കിടക്കയിൽ പിന്നീടൊരിക്കലും ആ അച്ഛൻ ഉറങ്ങിയില്ല.നമ്മൾ വായിച്ചറിഞ്ഞിട്ടുള്ളതും സിനിമകളിൽ കാണുകയും ചെയ്തതുപോലെ  ശങ്കരനാരായണനും മകൾ മരിച്ച വിഷമത്തിൽ താടിയും മുടിയും നീട്ടിവളർത്തി നടന്നു.പക്ഷെ മറ്റൊരു വിത്യാസം കൂടി അയാൾക്ക് ഉണ്ടായിരുന്നു.എവിടെ നിന്നോ സംഘടിപ്പിച്ച ഒരു തോക്ക് ആരുമറിയാതെ അയാൾ കൊണ്ടുനടന്നു.
 മകളെ പിച്ചിച്ചീന്തിയവൻ മരിച്ചുവീഴുംവരെ സദാ തോക്ക് താഴെവയ്ക്കാതെ നടന്ന ആ അച്ഛൻ ജാമ്യത്തിലിറങ്ങിയ പ്രതിയെ പിന്തുടർന്ന് ആ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. മഞ്ചേരി സെഷൻസ് കോടതി നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നു പറഞ്ഞ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചപ്പോൾ മകൾ മരിച്ചശേഷം ആദ്യമായി ആ അച്ഛൻ ചിരിച്ചു.
പിന്നീട് നാട്ടുകാരും വീട്ടുകാരും ചിരിച്ചു- ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടപ്പോൾ!
 കോടതിയുടെ മാനുഷികമുഖം മലയാളി കണ്ട ദിവസം കൂടിയായിരുന്നു അത്… !!

Back to top button
error: