ഏതാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം? സംശയം വേണ്ട അത് പുട്ടും കടലക്കറിയും തന്നെ.പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ചേരുമ്പോൾ ഇതിലും മികച്ചൊരു ഭക്ഷണം മറ്റൊന്നില്ല.
ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട് പ്രഥമസ്ഥാനം അലങ്കരിക്കുന്നു.
അങ്ങനെയെങ്കിൽ ഏറ്റവും മികച്ച രണ്ടാമത്തെ പ്രഭാതഭക്ഷണം ഏതാണ്? ഇക്കാര്യത്തിലും സംശയം വേണ്ട അത് നമ്മുടെ ഇഡ്ഡലിയും സാമ്പാറുമാണ്.തൂവെള്ള നിറത്തിൽ, അമ്പിളിവട്ടത്തിൽ, പഞ്ഞിപോലെ മൃദുലമായ, അരികിൽ ഫ്രില്ലുള്ള ഈ ഇത്തിരികുഞ്ഞന്മാരെ ഓർക്കുമ്പോൾതന്നെ നാവു ന്നനയാത്തവർ ആരാണ് ഉള്ളത്?
പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി ഒരു വട്ടമെങ്കിലും ഇഡ്ഡലി കഴിക്കാത്തവർ കേരളത്തിൽ വിരളമായിരിക്കും. തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഇന്നും പ്രാതലിനും അത്താഴത്തിനും ഇഡ്ഡലി തന്നെയാണ് ഉപയോഗിക്കുന്നത്. അത്രയ്ക്കുണ്ട് തമിഴർക്ക് ഇഡ്ഡലിയോടുള്ള ഭ്രമം.ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഇഡ്ഡലിയും ചമ്മന്തിയും! ചമ്മന്തി തന്നെ പല നിറത്തിലും രുചിയിലും.ആഹാ… !!
അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.രുചിയുടെ കാര്യത്തിലും ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. ഭാരം കുറയ്ക്കാൻ പോലും ഇഡ്ഡലി കഴിക്കുന്നത് ശീലമാക്കുന്നതോടെ സാധിക്കുമത്രേ.അതായത് നമ്മുടെ തനത് പ്രഭാതഭക്ഷണമായ ഇഡ്ഡലി അത്ര ചില്ലറക്കാരനല്ല എന്ന് സാരം.
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്
മുതിർന്നവരായാലും കുട്ടികളായാലും പ്രഭാതഭക്ഷണം മുടക്കുന്നത് നല്ലതല്ല. പ്രഭാതഭക്ഷണം മുടക്കുന്നത് നിരവധി ജീവിതശെെലി രോഗങ്ങൾക്ക് കാരണമാകാറുണ്ട്.ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ സഹായിക്കുന്നത് പ്രഭാത ഭക്ഷണമാണ്.
രാത്രിഭക്ഷണം കഴിഞ്ഞു മണിക്കൂറുകൾക്കു ശേഷമാണു പ്രഭാത ഭക്ഷണം.ബ്രെയ്ൻ ഫുഡ് എന്നാണ് പ്രഭാതഭക്ഷണം അറിയപ്പെടുന്നതു തന്നെ.എത്ര തിരക്കാണെങ്കിലും പ്രഭാതഭക്ഷണം മുടക്കരുത്.അതിൽ തന്നെ പുട്ട് ഇഡ്ഡലിയും പോലെ പോഷകഗുണമുള്ള ഭക്ഷണങ്ങളാണ് രാവിലെ കഴിക്കേണ്ടതും.