കൊച്ചി: കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ ആഡംബര നികുതി കൂട്ടാനുള്ള നീക്കം സംസ്ഥാന സർക്കാർ നിർത്തിവെച്ചു. സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധിക നികുതി ഈടാക്കുന്നതിലെ നിയമപ്രശ്നങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് തീരുമാനം. മെട്രോ സെസായോ പ്രത്യേക നികുതി ചട്ടമായോ ഭേദഗതി ഇത് കൊണ്ട് വരാൻ ശ്രമിച്ചാലും സർക്കാരിന് നേരിടേണ്ടി വരിക വലിയ നിയമ പ്രശ്നങ്ങളാകും.
കഴിഞ്ഞ ഇരുപതാം തിയതി കണയന്നൂർ തഹസിൽദാർ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസർമാർക്ക് അയച്ച കത്തിൽ നിന്നാണ് ചർച്ചകൾ തുടങ്ങിയത്. മെട്രോ പാതയ്ക്കും, സ്റ്റേഷനും 1 കിലോ മീറ്റർ പരിധിയിൽ ആഡംബര നികുതി നൽകുന്ന വീടുകൾക്ക് 50 ശതമാനം അധിക നികുതി കൂട്ടുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ആവശ്യം. ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉടൻ റിപ്പോർട്ട് നൽകണമെന്നും കത്തിൽ പറയുന്നു.
സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധികനികുതി ഈടാക്കുന്നതിലെ നിയമ പ്രശ്നങ്ങൾ ഉൾപ്പടെ പരാമർശിച്ചാണ് താഴെത്തട്ടിൽ നിന്ന് മറുപടി നൽകിയതെന്നാണ് വിവരം. താലൂക്ക് തലത്തിൽ പ്രായോഗിക പ്രശ്നങ്ങൾ നിരവധി ഉണ്ടെന്നും സർക്കാർ നിയമ ഭേദഗതിയിലൂടെയാണ് തീരുമാനം നടപ്പിലാക്കേണ്ടതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഭരണഘടനയിലെ പൗരന്മാർക്കുള്ള തുല്യമായ അവകാശത്തെ ഹനിക്കുന്നുവെന്ന തീരുമാനം കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. മെട്രോ നിർമ്മാണത്തിന് മുൻപാണ് വീട് പണിതതെന്ന് ഉൾപ്പടെ ചൂണ്ടിക്കാട്ടി പ്രശ്നം ബാധിക്കുന്നവരും കോടതിയിലെത്തുമെന്ന് ഉറപ്പാണ്. ഈ വശങ്ങൾ കൂടി പരിഗണിച്ചാണ് തത്കാലം തീരുമാനം മരവിപ്പിച്ചതെന്നാണ് സൂചന. മാത്രമല്ല ആലുവ മുതൽ തൃപ്പൂണിത്തുറ വരെ കൊച്ചി മെട്രോ കടന്ന് പോകുന്ന 22 കിലോമീറ്റർ പാതയിലെ ഒരു കിലോ മീറ്ററിനുള്ളിൽ ആഡംബര നികുതി പരിധിയിൽ വരുന്ന എത്ര വീടുകൾ ഉണ്ടെന്നതിൽ താലൂക്ക് ഓഫീസുകളിൽ വ്യക്തതയില്ല.
അതിനാൽ എത്ര വരുമാന വർധനവ് പ്രതീക്ഷിക്കാമെന്നതിൽ കണക്കുകൾ നിലവിൽ ലഭ്യമാക്കാനാകില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലാണ് ആഡംബര നികുതി നൽകുന്ന വീടുകളെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. 3000 ചതുരശ്ര അടി മുതലുള്ള ആഡംബര ഭവനങ്ങൾക്ക് പല സ്ലാബുകളിലായി നികുതി ഈടാക്കാനുള്ള നീക്കം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇത്തരം ആലോചനകൾ തന്നെ ഇല്ലെന്നാണ് ലാൻഡ് റവന്യു കമ്മീഷണറുടെ ഓഫീസിന്‍റെ നിലവിലെ പ്രതികരണം.