മക്ക: ഹജ്ജിന്റെ സുപ്രധാന കര്‍മ്മങ്ങളിലൊന്നായ മിനായിലെ കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ജംറകളില്‍ മണിക്കൂറില്‍ അമ്പതിനായിരം പേര്‍ക്ക് കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. കല്ലേറ് സമയങ്ങളില്‍ ഹാജിമാര്‍ക്ക് അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിനായി നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ മാത്രമായിരിക്കും ജംറകളിലേക്കുള്ള പ്രവേശനം അനുവദിക്കുക.
2005ലെ ഹജ്ജ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരണപെട്ടതോടെയാണ് അന്നത്തെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ജംറയിലെ സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് ജംറയിലെ പഴയ പാലം പൊളിച്ച് 12 നിലകള്‍ വഹിക്കാന്‍ ശേഷിയുള്ള നാല് മുകളിലത്തെ നിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്
ഓരോ നിലയുടെയും ശേഷി മണിക്കൂറില്‍ പരമാവധി 125,000 തീര്‍ഥാടകരാണ്. മുഴുവന്‍ സൗകര്യത്തിന്റെയും മൊത്തം ശേഷി മണിക്കൂറില്‍ 500,000 തീര്‍ഥാടകരെ ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയില്‍ 4.2 ബില്യണ്‍ റിയാലിലധികം ചെലവില്‍ 950 മീറ്റര്‍ നീളത്തിലും 80 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ചത് . മിനായിലെ ജംറയുടെ ഡിസൈന് നിരവധി അന്താരാഷ്ട്ര അവാര്‍ഡുകലും ഇതിനകം നേടിയിട്ടുണ്ട്.
തീര്‍ഥാടകരുടെ ചലനം നിരീക്ഷിക്കുന്നതിനും, ബ്രിഡ്ജ് സപ്പോര്‍ട്ട് ടീമിനെ സഹായിക്കുന്നതിനും,മികച്ച സുരക്ഷ നല്‍കുന്നതിനും, അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനുമായി തത്സമയ ചിത്രം പ്രക്ഷേപണം ചെയ്യുന്നതിനും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളും ,അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഹെലിപാഡ് സൗകര്യങ്ങളും ജംറയില്‍ ഒരുക്കിയിട്ടുണ്ട്.
ഉഷ്ണ സമയങ്ങളില്‍ അന്തരീക്ഷത്തെ തണുപ്പിക്കാനും താപനില 29 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കാനും സഹായിക്കുന്ന വാട്ടര്‍ സ്പ്രിംഗളറുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ മികച്ച എയര്‍ കണ്ടീഷനിംഗ് സംവിധാനവും ജംറയിലുണ്ട്.