തനിയാവർത്തനത്തിലെ ബാലൻ മാഷെ യഥാർത്ഥ ജീവിതത്തിലും നമ്മൾ കണ്ടിട്ടുണ്ട്.
സാഹചര്യങ്ങൾ തല്ലുകാരനാക്കിയ, “കീരീക്കാടനെ എനിക്ക് പേടിയാ” എന്നു പറയുന്ന, ഏതു നിമിഷവും അയാളുടെ വരവും കാത്ത് ഭയത്തോടെയിരിക്കുന്ന, ഇഷ്ടപ്പെട്ട ജീവിതം കയ്യിൽ നിന്നൂർന്നു പോകുന്ന, അക്കാലം വരെ മലയാള സിനിമ കാണാത്ത തരം നായക കഥാപാത്രവും നമുക്ക് ഒരു പുതിയ കാഴ്ചയായിരുന്നു.ഇതെല്ലാം ഒരാളുടെ തൂലികയിൽ നിന്നും പിറന്നതായിരുന്നു.
സ്നേഹ വാത്സല്യ നിധിയായ മേലേടത്ത് രാഘവൻ നായരും പ്രതികാര ദാഹിയായ ആൻ്റണിയും മലയാള സിനിമയിൽ പരിചയപ്പെടുത്തിയതും ഒരാളുടെ തൂലികയിൽ നിന്നാണെന്നത് ഒരത്ഭുതം മാത്രം..
പള്ളി മുറ്റത്ത് തൂവെള്ള മുണ്ടും ജുബ്ബയുമിട്ട് അച്ചനോട് സംസാരിച്ചു നിന്ന വാറുണ്ണിയെക്കണ്ട് ഐ വി ശശിയോട് ആ കഥാപാത്രത്തിൻ്റെ സ്രഷ്ടാവ് കയർത്തു – “എൻ്റെ വാറുണ്ണി ഇതല്ല…. കാഴ്ചക്ക് വിരൂപനായ, മുഷിഞ്ഞ വസ്ത്രം മാത്രം ധരിക്കുന്ന, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വഷളൻ കഥാപാത്രമാണയാൾ.
…. നടൻ്റെ പ്രതിച്ഛായക്ക് ആ രൂപം മോശമാണെങ്കിൽ നമുക്കിതിവിടെ നിർത്താം.”
സത്യൻ അന്തിക്കാടിനോടയാളുടെ തൂലികയും മനസ്സും ചേർന്നപ്പോൾ നമുക്ക് കിട്ടിയത് കുടുംബപുരാണവും സസ്നേഹവും കൂടെ നത്തു നാരായണനെയുമൊക്കെ ആയിരുന്നു.ഭരതവും കമലദളവും അബ്ദുള്ളയും എഴുതിയയാൾ തന്നെയാണ് പാഥേയവും വെങ്കലവും കൗരവരും ആധാരവും ഉൾപ്പെടെ വ്യത്യസ്ത പാറ്റേണിൽ കഥ പറഞ്ഞത്….
സുന്ദർ ദാസിനോടയാൾ സംസാരിച്ചപ്പോൾ ഉടലെടുത്തത് മഞ്ജു വാര്യർ എന്ന നടിയായിരുന്നു…. അവരുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരുന്നു ഭാനുവും ദേവപ്രഭയും…
വിദ്യാധരൻ്റെ ഭൂതക്കണ്ണാടിയിലൂടെയുള്ള കാഴ്ചകളിലാണയാൾ നമുക്ക് ജോക്കറെയും ദേവ്മയെയും കാണിച്ചു തന്നത്.
ഇവരാരും മരിച്ചിട്ടില്ല.. അഥവാ വേറൊരാൾക്ക് ജനിപ്പിക്കാനും സാധിക്കില്ല…. സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ പലപ്പോഴും ഒരു നോവായി, ഒരാവേശമായി, ഒരത്ഭുതമായി ഇവരെല്ലാം കൂടെയുണ്ട്.