കൊച്ചി: അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍െ്റ പരാമര്‍ശത്തിനെതിരേ നടന് ജോയ് മാത്യു രംഗത്ത്. സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’ ഒരു ക്ലബ്ബാണെങ്കില്‍ അതില്‍ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് ജോയ് മാത്യു. നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം ഉണ്ട്. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജോയ് മാത്യു ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തും നല്കി.
കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ
ബഹുമാനപ്പെട്ട ജനറല്‍ സെക്രട്ടറി,
കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്ററിംഗില്‍ തൊഴില്‍പരമായ ബാധ്യതകളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ താങ്കള്‍ ‘അമ്മ’ ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. ‘അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.
ക്ലബ്ബിന്റെ പ്രവര്‍ത്തന രീതിയും ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ.നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം ഉള്ള എനിക്കുള്ള സ്ഥിതിക്ക് ‘അമ്മ’ എന്ന ക്ലബ്ബില്‍കൂടി ഒരു അംഗത്വം ഞാന്‍ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ. ആയത് കൊണ്ട് ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു
എന്ന്
ജോയ് മാത്യു
(ഒരു സാദാ മെമ്പര്‍ )