സനൂജ് സുശീലൻ
പൊള്ളിക്കരിയുന്ന വെയിലിൽ കരിമ്പാറക്കെട്ടുകൾ ചൂടുപിടിക്കുമ്പോൾ അതിൽ നിന്നു കന്മദം കിനിയും എന്നാണ് സങ്കൽപം. വിഷാദത്തിന്റെയും ഒറ്റപ്പെടലിന്റെയും പാറക്കെട്ടുകൾ തപിച്ചപ്പോൾ അതിൽ നിന്നുറവ കൊണ്ട മറ്റൊരു കന്മദമായിരുന്നു ആ ചിത്രവും. അകലേയ്ക്കു പോയ സഹോദരനെ കാണാത്തതിലുള്ള വിഷമം ഉള്ളിലൊതുക്കി പുറത്തു കാളിയുടെ ക്രൗര്യം അഭിനയിച്ചു ഒരു ആണിനെ പോലെ ജീവിക്കുന്ന ഭാനുവിന്റെ കഥ.
നട്ടുച്ച നേരം ഒരു പുരുഷന്റെ കരവലയത്തിൽ ഒതുങ്ങിയ അവൾ വെറുമൊരു പെണ്ണായി മാറി എന്നല്ല കഥാകാരൻ പറയുന്നത് , മറിച്ച് അവളുടെ ഉള്ളിൽ ഉരുകിക്കൊണ്ടിരിക്കുന്ന ആല തണുപ്പിച്ചുകൊണ്ട് ഒരു മഴ പെയ്തു എന്നാണ്.
ഹൃദയമുള്ള ഓരോ മലയാളിയും അവന്റെ സ്വകാര്യ ഇഷ്ടങ്ങളിൽ സൂക്ഷിക്കുന്ന പേരാണ് ലോഹിതദാസ്. പച്ചയായ ജീവിതത്തിൽ നിന്നു പറിച്ചെടുത്തു വച്ച കഥകളായിരുന്നു ലോഹി പറഞ്ഞത്. 1989 ലെ ഒരു മണ്ഡല കാലത്തു ജീവിതത്തിലാദ്യമായി ശബരിമലയിൽ പോയി വന്നതിനു ശേഷം വൃതം മുറിക്കാനായി മാംസവും മദ്യവും കാത്തിരുന്ന സുഹൃത്തുക്കളുടെ മുന്നിലേയ്ക്ക് ഒരു കാറിൽ വന്നിറങ്ങിയ സിബി മലയിൽ ആണ് ലോഹിയെ ഒരു കഥ പുതുക്കിയെഴുതുന്നതിനായി വിളിച്ചു കൊണ്ടു പോകുന്നത്. അന്ന് സംക്രാംന്തിയാണ്. അടുത്ത ദിവസം വിഷുവും.
ആ സമയത്തെടുത്ത സിനിമകളൊക്കെ പരാജയപ്പെട്ട സിബിക്ക് ഒരു ഹിറ്റ് അത്യാവശ്യമായിരുന്നു. പുതിയ രണ്ടു കഥാകൃത്തുക്കൾ എഴുതിയ കഥ കാണിക്കാൻ വേണ്ടിയാണ് അന്ന് അറിയപ്പെടുന്ന നാടകകൃത്തായ ലോഹിയെ വിളിച്ചു കൊണ്ടു പോകുന്നത്. സിനിമയ്ക്ക് പറ്റിയതൊന്നുമില്ല അതിലെന്ന് ആ കഥ കണ്ടപാടെ ലോഹിക്ക് മനസ്സിലായി. അത് അദ്ദേഹം തുറന്നു പറയുകയും ചെയ്തു. സിനിമയ്ക്ക് പറ്റിയ കഥകളെന്തെങ്കിലും ഉണ്ടെങ്കിൽ ആലോചിച്ചു വയ്ക്കൂ എന്നു പറഞ്ഞു സിബി യാത്ര പറഞ്ഞു. അടുത്ത ദിവസം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വീട്ടിൽ നിന്നു വിഷുസദ്യ കഴിഞ്ഞു വന്ന സിബിയോട് ലോഹി ഒരു കഥ പറഞ്ഞു. ഓരോ തലമുറയിലുമുള്ള ആണുങ്ങൾക്ക് പാരമ്പര്യമായി ഭ്രാന്തു പിടിച്ചൊതുങ്ങുന്ന ഒരു തറവാടിന്റെ കഥ. ഒരസുഖവുമില്ലാത്ത അതിലെ ഇളമുറക്കാരനെ നാട്ടുകാർ ഓരോന്ന് പറഞ്ഞു പറഞ്ഞു ഭ്രാന്തനാക്കുന്നതും ഒടുവിൽ അമ്മ അയാൾക്ക് ചോറിൽ വിഷം കുഴച്ചു കൊടുത്തു ജീവിതം അവസാനിപ്പിക്കുന്നതുമാണ് കഥ.
‘തനിയാവർത്തനം’ എന്ന പേരിൽ ഇറങ്ങിയ ആ ചിത്രം മലയാളിക്ക് ഭയപ്പെടുത്തുന്ന ഒരു വിഷുക്കാഴ്ചയായിരുന്നു. വിളറിയ ജീവിതത്തിന്റെ പേടിപ്പിക്കുന്ന യാഥാർഥ്യം പച്ചയായി പറയുന്ന കഥകളുമായി ലോഹി പിന്നീടും പലതവണ നമ്മുടെ സ്വപ്നങ്ങളിൽ വന്നു. തനിക്കു പറയാനുള്ളത് ചതഞ്ഞ നായകന്മാരുടെ പരാജയപ്പെട്ട ജീവിതത്തിന്റെ കഥയാണ് എന്നു ലോഹി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ അന്തർമുഖനായിരുന്ന അദ്ദേഹം താനും പരാജയപ്പെട്ട ഒരു മനുഷ്യൻ മാത്രമാണ് എന്നു സ്വയം വിചാരിച്ചിരുന്നിട്ടുണ്ടാവണം. അവസാനകാലത്ത് സാമ്പത്തികമായും മനസികമായുമുള്ള വ്യഥകളിൽ വ്യാകുലനായിരുന്നു അദ്ദേഹം. അതുണ്ടാക്കിയ സമ്മർദ്ദം ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തു എന്നു വേണം പറയാൻ. കുറച്ചു വർഷം മുമ്പ് ഒരു ജൂൺ ഇരുപത്തിയെട്ടിനാണ് അദ്ദേഹം നമ്മളെ ഉപേക്ഷിച്ചു അങ്ങേ ലോകത്തേക്ക് പോയത്. അതുല്യ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ ഒരുപിടി പൂച്ചെണ്ടുകൾ.