KeralaNEWS

അനിത പുല്ലയില്‍ വിവാദം: നിയമസഭാ ജീവനക്കാര്‍ക്ക് വീഴ്ചയില്ല; സഭാ ടിവിയുടെ 4 കരാര്‍ ജീവനക്കാരെ പുറത്താക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ 4 കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. സഭ ടീവിക്ക് സാങ്കേതിക സഹായം നല്‍കുന്ന ബിട്രൈയിറ്റ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല,വിപുരാജ്,പ്രവീണ്‍,വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടി. അനിത പുല്ലയിലിനെ സഭാ ടി.വിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സഹായിച്ചത് ഇവരാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടി.

അനിത പുല്ലയിലിന് ഓപ്പണ്‍ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അത് വച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്. സഭ ടിവിയുടെ സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരിക്കൊപ്പമാണ് അകത്ത് കയറിയത് നിയമസഭ ജീവനക്കാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കില്ല, നിയമസഭാ സമ്മേളന വേദിയില്‍ കയറിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Signature-ad

അനിത പുല്ലയില്‍ ലോകകേരളസഭ നടന്ന രണ്ടുദിവസവും നിയമസഭാമന്ദിരത്തില്‍ കയറിയിരുന്നെങ്കിലും പ്രതിനിധികള്‍ സന്നിഹിതരായ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രവേശിച്ചിരുന്നില്ലെന്ന് ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ എം.ബി. രാജേഷിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനിത നിയമസഭാ മന്ദിരത്തിലുണ്ടായിരുന്ന മുഴുവന്‍സമയവും ഒ.ടി.ടി. പ്ലാറ്റ്ഫോം കമ്പനിയിലെ രണ്ടുജീവനക്കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയല്‍രേഖകള്‍ കാട്ടിയപ്പോള്‍ സുരക്ഷാജീവനക്കാര്‍ അനിതയെ തടഞ്ഞില്ലെന്നും മൊഴിയുമുണ്ട്.

ലോക കേരള സഭക്കിടെ അനിതാ പുല്ലയില്‍ നിയമസഭാ മന്ദിരത്തിലെത്തിയത് വന്‍ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കര്‍ നിയമസഭാ ചീഫ് മാര്‍ഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാമന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സഭാ ടിവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

രണ്ട് ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്. അതേ സമയം അനിത പ്രധാന ഗേറ്റ് കടന്നത് പാസ് ഉപയോഗിച്ചാണെന്നാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആന്റ് വാര്‍ഡിന്റെ മൊഴി. ലോക കേരള സഭായുടെ ഭാഗമായ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചതെന്നാണ് മൊഴി. ഇത് അനിതക്ക് എങ്ങിനെ കിട്ടി എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

ഓപ്പണ്‍ ഫോറത്തിലെ അതിഥികള്‍ക്കുള്ള ക്ഷണക്കത്ത് നോര്‍ക്ക വിവിധ പ്രവാസി സംഘടനകള്‍ക്കായിരുന്നു നല്‍കിയത്. ഈ സംഘടനകള്‍ വഴിയായിരിക്കും ക്ഷണക്കത്ത് അനിതക്ക് കിട്ടാന്‍ സാധ്യത. തുടര്‍ച്ചയായ രണ്ട് ദിവസവും അനിത സമ്മേളന സമയത്ത് എത്തിയതിനെ ഗൗരവത്തോടെയാണ് നിയമസഭാ സെക്രട്ടറിയേറ്റ് കാണുന്നത്.

രണ്ട് ദിവസം വന്നതില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടെയെന്നാണ് വിലയിരുത്തല്‍. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് അനിതയെ മന്ദിരത്തില്‍ നിന്നും മാറ്റിയത്. അനിതക്ക് സഹായം നല്‍കിയ ബിട്രെയ്റ്റ് സൊലൂഷനുമായുള്ള കരാര്‍ റദ്ദാക്കാനും സാധ്യതയുണ്ട്. അനിത നിയമസഭാ മന്ദിരത്തിലെത്തിയത് നിയമസഭാ സെക്രട്ടറിയേറ്രിനും സര്‍ക്കാറിനും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

Back to top button
error: