തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാർക്ക് സസ്പെൻഷൻ. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താൻ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഏകോപനത്തിൽ വീഴ്ച ഉണ്ടായോ എന്നും ഡോക്ടർമാർ അല്ലാത്തവർ കിഡ്നി ബോക്സ് എടുത്തതും പരിശോധിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ റിപ്പോർട്ടി്നറെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു.
രോഗിക്ക് കിഡ്നി മാച്ച് ആയത് 2.45 നാണ്. 5.30 ആംബുലൻസ് എത്തി. ആംബുലൻസ് എത്തിയ ശേഷം പുറത്തു നിന്നുള്ള ആളുകളാണ് കിഡ്നി അടങ്ങിയ പെട്ടി എടുത്തത്. ഇതിൽ പരാതി ഉണ്ട്. ഇവർ ഡോക്ടർമാർ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം അറിയുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. രണ്ടര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്നുമെത്തിച്ച വൃക്ക രോഗിയിൽ വെച്ചുപിടിപ്പിക്കാൻ നാല് മണിക്കൂർ വൈകിയെന്നാണ് പരാതി. വൃക്ക സ്വീകരിച്ച കാരക്കോണം സ്വദേശി സുരേഷ് കുമാർ ഇന്ന് മരിച്ചതോടെ സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണം പ്രഖാപിച്ചു. രോഗിയുടെ നില അതീവഗുരുതരമായിരുന്നുവെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
എറണാകുളം രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക്കമരണം സംഭവിച്ച ആളുടെ വൃക്കയുമായി ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിൽ എത്തിയത് ഇന്നലെ വൈകീട്ട് 5.33 നാണ്. ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിൽ നിന്നുള്ള ഡോക്റുമുണ്ടായിരുന്നു. ഗ്രീൻ ചാനൽ വഴി മൂന്ന് മണിക്കൂർ കൊണ്ടാണ് അവയവമെത്തിച്ചത്. പക്ഷെ മെഡിക്കൽ കോളേജാശുപത്രിയിൽ അവയവമെത്തിച്ച സമയത്ത് വേണ്ടത്ര മുന്നൊരുക്കങ്ങളുണ്ടായില്ലെന്നാണ് പരാതി. അവയവം എങ്ങോട്ട് മാറ്റണമെന്നതിലടക്കം ആശയക്കുഴപ്പമുണ്ടായി. ഓപ്പറേഷൻ തിയേറ്റർ തുറക്കാൻ ഇരുപത് മിനുട്ടോളം വൈകി. കാരക്കോണം സ്വദേശി സുരേഷ് കുമാറിൽ വൃക്ക വെച്ച് പിടിപ്പിക്കുന്നത് എട്ടുമണിയോടെ മാത്രമെന്നാണ് പരാതി. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് സുരേഷ് മരിക്കുന്നത്.
അതേ സമയം ശസ്ത്രിക്രിയക്ക് കാലതാമസം ഉണ്ടായെന്ന പരാതി ആശുപത്രി അധികൃതർ തള്ളി. അവയവമെത്തിക്കഴിഞ്ഞ ശേഷവും രോഗിയുടെ നില ഗുരുതരമായിരുന്നു. ഏഴ് മണിക്ക് ഡയാലിസിസ് പൂർത്തിയാക്കിയശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയെന്നാണ് വിശദീകരണം. രോഗിയുടെ ഗുരുതരസ്ഥിതി ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.