പത്തനംതിട്ട: കേരളത്തില്‍ ജനിച്ചു വളര്‍ന്നവര്‍പോലും മലയാളത്തിന് പിന്നാക്കം പോകുമ്ബോള്‍ ഇതാ വംഗനാട്ടില്നിന്നു വന്ന ഒരു കൊച്ചുമിടുക്കന് എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയിരിക്കുന്നു.ബംഗാ ള്‍ സ്വദേശി എം.ഡി. ഷാജഹാനാണ് ഈ അപൂർവ നേട്ടത്തിനുടമ.
പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തിനടക്കം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ഷാജഹാന് നേട്ടം കൊയ്തത്. പശ്ചിമ ബംഗാളില്‍ നിന്ന് തൊഴില്‍തേടി കേരളത്തിലെത്തിയ ദമ്ബതികളുടെ മകനാണ് ഈ മിടുക്കന്. ഭാഷാ പഠനം വെല്ലുവിളിയായിരുന്നെങ്കിലും അധ്യാപകരുടെ പൂര്‍ണ പിന്തുണയില്‍ ഷാജഹാന് നേടിയ വിജയത്തിന് തങ്ക തിളക്കം.കോഴഞ്ചേരി പുല്ലാട് എസ്.വി. ഹൈസ്കൂളിലെ വിദ്യാര്‍ഥിയാണ് ഷാജഹാന്. പശ്ചിമ ബംഗാള്‍ സിലിഗുരി സ്വദേശികളായ മക്സേ ദുള്‍ ഇസ്ലാമിന്റെയും സെറീന പാര്‍വിന്റയും മൂത്തമകനാണ്. മേസ്തിരിപ്പണിക്കായി കേരളത്തിലെത്തിയ പിതാവ് ഇപ്പോള്‍ ചെറുകിട കരാറുകാരനാണ്.
എട്ടാം ക്ലാസ് മുതലാണ് ഷാജഹാൻ കേരള സിലബസില്‍ പുല്ലാട് സ്കൂളില്‍ ചേര്‍ന്നത്. ഏഴാം ക്ലാസ് വരെ തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്സ് സ്കൂളിലാണ് പഠിച്ചത്. പുല്ലാട് സ്കൂളില്‍ ചേര്‍ന്ന ശേഷമാണ് മലയാളം പഠിച്ച് തുടങ്ങിയത്. എട്ടാം ക്ലാസിലെ മലയാളം അധ്യാപിക ബിന്ദു കെ.നായര്‍, ഒമ്ബത് പത്ത് ക്ലാസുകളിലെ മലയാളം അധ്യാപികയും ക്ലാസ് ടീച്ചറുമായ ജി.രേണുക എന്നിവരുടെ സഹായവും പിന്തുണയുമാണ് തന്റെ മലയാളം പഠനത്തിന് ഏറെ തുണ ആയതെന്ന് ഷാജഹാന് പറഞ്ഞു.