ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിങ് താരം സിപ്പി സിദ്ദു എന്ന സുഖ്മന്‍പ്രീത് സിങ് ഏഴുവര്‍ഷം മുമ്പ് വെടിയേറ്റു മരിച്ച കേസില്‍ ഹിമാചല്‍ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ മകള്‍ കല്യാണി സിങ് അറസ്റ്റില്‍. സി.ബി.ഐയാണ് ഇന്നലെ കല്യാണിയെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ കല്യാണിയെ ചോദ്യംചെയ്യലിനായി നാലുദിവസം കസ്റ്റഡിയില്‍ വാങ്ങി. കല്യാണിയുടെ അറസ്റ്റോടെ കേസിന് വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിപ്പിയുടെ കുടുംബം.
പഞ്ചാബ് ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എസ്. സിദ്ദുവിന്റെ പേരമകനാണ് സിദ്ദു. അഭിഭാഷകന് കൂടിയായിരുന്ന സിദ്ദു മൊഹാലിയിലാണ് താമസസിച്ചിരുന്നത്.
2015 സെപ്റ്റംബറില്‍ 15-നാണ് വെടിയേറ്റ നിലയില്‍ ചണ്ഡിഗഡിലെ ഒരു പാര്‍ക്കില്‍നിന്നു സിദ്ദുവിന്െ്റ മൃതദേഹം കണ്ടെത്തിയത്. 2016-ല്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു. മുപ്പത്തഞ്ചുകാരനായ സിദ്ദുവിന്െ്റ മരണത്തില്‍ ഒരു സ്ത്രീയ്ക്കു പങ്കുള്ളതായി അന്വേഷണത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ സി.ബി.ഐ. സംശയിച്ചിരുന്നു. സിപ്പിയുടെ കൊലപാതകിയെ ഒരു സ്ത്രീ അനുഗമിച്ചിരുന്നതായി കരുതാന്‍ കാരണമുണ്ടെന്നും നിരപരാധിയാണെങ്കില്‍ അവര്‍ക്കു മുന്നോട്ടു വന്ന് സാഹചര്യം ബോധ്യപ്പെടുത്താന്‍ അവസരമുണ്ടെന്നും കാണിച്ച് അക്കാലത്ത് പത്രപ്പരസ്യങ്ങളും വന്നിരുന്നു. അല്ലാത്ത പക്ഷം അവരെയും കുറ്റക്കാരിയായി കരുതുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ സൂചനകള്‍ ലഭ്യമാകാതെ കേസ് നീണ്ടുപോവുകയായിരുന്നു.
തെളിവ് കിട്ടാതായപ്പോള്‍ ഇതേക്കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 2021-ല്‍ പ്രതിഫലത്തുക 10 ലക്ഷമായി ഉയര്‍ത്തിയിട്ടും പ്രയോജനമുണ്ടായില്ല. അന്വേഷണറിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കോടതിയോട് ഒരു മാസത്തെ സാവകാശം കൂടി സി.ബി.ഐ. ആവശ്യപ്പെട്ടിരിക്കെയാണു കല്യാണി സിങ്ങിന്റെ അറസ്റ്റ്.