ഫാഷന്റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയിലാണ് ബോളിവുഡ് താരങ്ങള്‍. ബോളിവുഡില്‍ നിന്നാണ് ഓരോ ഫാഷന്‍ തരംഗങ്ങളും മറ്റിടങ്ങളിലേക്കും സാധാരണക്കാരിലേക്കുമെല്ലാം വ്യാപിക്കാറ് എന്ന് വേണമെങ്കില്‍ പറയാം. വളരെക്കാലം മുമ്പ് തന്നെ ഫാഷന്‍ പരീക്ഷണങ്ങളില്‍ സജീവമായിരുന്നു ബോളിവുഡില്‍ നിന്നുള്ള താരങ്ങള്‍.
വിവിധ ഫാഷന്‍ ഷോകളിലും ഫിലിം ഫെസ്റ്റുകളിലുമായ പ്രിയങ്ക ( Priyanka Chopra) അണിഞ്ഞിട്ടുള്ള പല ഔട്ട്ഫിറ്റുകളും സോഷ്യല്‍ മീഡിയയില്‍ മീമുകളായി തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 2019ലെ മെറ്റ്ഗാല ഫാഷന്‍ ഫെസ്റ്റില്‍ പ്രിയങ്ക പരീക്ഷിച്ച ഔട്ട്ഫിറ്റ് ഇത്തരത്തില്‍ വ്യാപകമായ ട്രോളുകള്‍ക്ക് പാത്രമായിരുന്നു. ഇതിന് ശേഷവും പലപ്പോഴായി പ്രിയങ്കയുടെ ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.
ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസിനൊപ്പമുള്ള ചിത്രങ്ങള്‍ പോലും ഇത്തരത്തില്‍ ട്രോളുകളായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പ്രിയങ്കയുടെ ഒരു ഫ്രോക്ക് ഇതേ രീതിയില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ താന്‍ വിമര്‍ശിക്കപ്പെടുന്നത് പ്രിയങ്ക അത്ര ഗൗരവമായി എടുക്കാറില്ല എന്നതാണ് സത്യം. പലപ്പോഴും ഇതിനെതിരെ താരം പ്രതികരണം പോലും നല്‍കാറില്ല.
ഇപ്പോഴിതാ പുതിയൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക. പാരീസില്‍ നടന്ന ഫാഷന്‍ മേളയില്‍ പ്രമുഖ ലക്ഷ്യൂറി ബ്രാന്‍ഡിന്റെ പ്രതിനിധിയായാണ് പ്രിയങ്ക എത്തിയിരുന്നത്. ഇവര്‍ക്ക് വേണ്ടി അണിഞ്ഞ ഫ്രോക്കിന്റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഫാഷന്‍ മേഖലയില്‍ തല്പരരായ നിരവധി പേരാണ് ഈ ഔട്ട്ഫിറ്റിന് ‘പോസിറ്റീവ് കമന്റുകള്‍’ നല്‍കിയിരിക്കുന്നത്. താരങ്ങളായ വിദ്യാ ബാലന്, പരിണീതി ചേപ്ര എന്നിവരടക്കമുള്ളവരും പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നു.