CrimeNEWS

അമ്മയെ വെടിവച്ചു കൊന്നശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി സിനിമ കണ്ടും ഓണ്‍ലൈനില്‍ മുട്ടക്കറി വാങ്ങിയും പതിനാറുകാരന്‍

ഉപയോഗിച്ചത് സൈനിക ഉദ്യോഗസ്ഥനായ പിതാവിന്‍െ്‌റ തോക്ക്

ലഖ്നൗ: ലഖ്നൗവില്‍ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ പതിനാറുകാരന്‍ കൊലപാതകത്തിന് ശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തി സിനിമ കണ്ടെന്ന് പോലീസ്. ഞായറാഴ്ച രാത്രിയാണ് ലഖ്നൗവില്‍ താമസിക്കുന്ന നാല്‍പ്പതുകാരിയെ മകന്‍ വെടിവെച്ച് കൊന്നത്. മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് അമ്മ വിലക്കിയതായിരുന്നു ദാരുണ കൊലപാതകത്തിന്റെ കാരണം. കുട്ടിയുടെ പിതാവ് കൊല്‍ക്കത്തയില്‍ സൈനിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് കുട്ടി അമ്മയ്ക്ക് നേരേ വെടിയുതിര്‍ത്തതെന്നും തലയ്ക്ക് വെടിയേറ്റ അമ്മ തല്‍ക്ഷണം മരിച്ചെന്നും പോലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഒരു മുറിയില്‍ അമ്മയുടെ മൃതദേഹവും മറ്റൊരു മുറിയില്‍ പത്തുവയസ്സുള്ള സഹോദരിയെ പൂട്ടിയിട്ടതിനും ശേഷമാണ് പ്രതി സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. രണ്ടുദിവസവും കുട്ടി അമ്മയുടെ മൃതദേഹത്തിനൊപ്പമിരുന്നു. ഇതിനിടെയാണ് രണ്ട് കൂട്ടുകാരെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഓണ്‍ലൈന്‍ വഴി ഭക്ഷണം വാങ്ങുകയും സിനിമ കാണുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ വഴി മുട്ടക്കറിയാണ് പ്രതി ഓര്‍ഡര്‍ ചെയ്തത്. കൂട്ടുകാര്‍ക്കൊപ്പം ഫുക്രി എന്ന സിനിമ കാണുകയും ചെയ്തു. ഇതിനിടെ കൂട്ടുകാര്‍ അമ്മയെ തിരക്കിയെങ്കിലും ബന്ധുവിന്റെ വീട്ടില്‍ പോയെന്നായിരുന്നു മറുപടി.

Signature-ad

അമ്മയുടെ മൃതദേഹം കിടന്നിരുന്ന മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ നിരന്തരം റൂം ഫ്രഷ്ണറും ഉപയോഗിച്ചിരുന്നു. കൊലപാതകം നടന്ന് മൂന്നാംദിവസമാണ് സംഭവം പുറംലോകമറിഞ്ഞത്. മൃതദേഹം സൂക്ഷിച്ചിരുന്ന മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ 16-കാരന്‍ തന്നെ പിതാവിനെ വിളിച്ച് അമ്മ കൊല്ലപ്പെട്ടെന്ന വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ വീട്ടിലെത്തിയ ഒരു ഇലക്ട്രീഷ്യന്‍ അമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു കുട്ടിയുടെ മൊഴി. എന്നാല്‍ ഇത് കള്ളമാണെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തി. ഇതോടെയാണ് 16-കാരന്‍ കുറ്റംസമ്മതിച്ചതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Back to top button
error: