ഹണിട്രാപ്പ് മാതൃകയിൽ കവർച്ച നടത്തി പണവും മൊബൈൽഫോണും കവർന്ന രണ്ടുപേർ ടൗൺ പോലീസിന്റെ പിടിയിൽ. അരീക്കാട് പുഴക്കൽവീട്ടിൽ പി. അനീഷ (24), നല്ലളം ഹസ്സൻഭായ് വില്ലയിൽ പി.എ. ഷംജാദ് (26) എന്നിവരാണ് അറസ്റ്റിലായത്.
സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ടുകളുണ്ടാക്കി ഹണിട്രാപ്പ് മാതൃകയിൽ വിവിധയിടങ്ങളിൽ വിളിച്ചുവരുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയാണ് പതിവ്. റെയിൽവേസ്റ്റേഷനുസമീപം ആനിഹാൾ റോഡിൽവെച്ച് കാസർകോട് ചന്ദ്രഗിരി സ്വദേശിയുടെ പണവും മൊബൈൽഫോണും കവർന്ന കേസിലാണ് ഇവർ പിടിയിലായത്. ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട യുവാവിനെ യുവതിയെ കാണാൻ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ആനിഹാൾ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഒപ്പമുള്ള ഷംജാദുമായിച്ചേർന്ന് മർദിച്ചു സാധനങ്ങൾ കൈക്കലാക്കി. സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നൽകാറില്ലെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു. മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർചെയ്ത എൻ.ഡി.പി.എസ് കേസിൽ അടുത്തിടെയാണ് യുവതി ജാമ്യത്തിലിറങ്ങിയത്. ടൗൺ എസ്.ഐ.മാരായ എസ്. ജയശ്രീ, അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ്കുമാർ, ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.