ബിയര്‍ കഴിച്ചാല്‍ മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്. ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ്, കഴിച്ച ഉടനെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ആകെ തലതിരിഞ്ഞിരിക്കുകയാണ്.
മൂത്രത്തില്‍നിന്നും ബിയര്‍! അതാണ് പുതിയ ട്രെന്റ്. 90 ശതമാനവും വെള്ളമടങ്ങിയ ബിയര്‍ വഴി ഉണ്ടാവുന്ന ജലനഷ്ടം പരിഹരിക്കാനാണ് പുതിയ രീതി പ്രചാരത്തില്‍ വന്നത്. മൂത്രം മാത്രമല്ല, മാലിന്യം കലര്‍ന്ന ഏത് വെള്ളവും ഉപയോഗിച്ച് ബിയര്‍ ഉണ്ടാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുമ്മാ കണ്ടെത്തലല്ല, ശരിക്കും മൂത്രത്തില്‍നിന്നുള്ള ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് സിംഗപ്പൂര്‍. ഇങ്ങനെ നിര്‍മിച്ച ബിയര്‍ അവിടത്തെ കടകളില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗംഭീരമാണ് അതിന്റെ രുചിയെന്നാണ് കഴിച്ച ആളുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂത്രത്തില്‍നിന്നും ബിയര്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരുെമങ്കിലും സംഗതി ഒട്ടും തമാശയല്ല. ആ ആലോചനയ്ക്ക് പിന്നില്‍ അതീവഗൗരവമുള്ള ഒരു കാരണമുണ്ട്. കാലാവസ്ഥാ വ്യതിയാനം!
നമുക്കറിയാം, കാലാവസ്ഥാ വ്യതിയാനം, ലോകമാകെ ദുരന്തങ്ങള്‍ വിതയ്ക്കുകയാണ്. വമ്പന്‍ പ്രളയങ്ങളും കാടു പോലും കത്തിയമരുന്ന കൊടും വേനലുമെല്ലാം ചേര്‍ന്ന്, കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവനെ തന്നെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കടലിന്റെ ചൂട് വര്‍ദ്ധിക്കുന്നതിനാല്‍, അതിവേഗമാണ് കടല്‍ കരയിലേക്ക് കയറി കാണുന്നതെല്ലാം മുക്കിക്കളയുന്നത്. കേരളത്തില്‍, ഈയടുത്തുണ്ടായ കനത്ത മഴയ്ക്കു കാരണം, ആഗോള താപനം മൂലം അറബിക്കടലിന് ചൂടു പിടിച്ചതായിരുന്നല്ലോ. കുറച്ചുകാലം കഴിഞ്ഞാല്‍ കൊച്ചി അടക്കമുള്ള നഗരങ്ങള്‍ കടലെടുക്കുമന്ന പ്രവചനത്തിന് പിന്നില്‍, കടലിലെ ചൂടു കൂടുന്നതാണ്.
കാലാവസ്ഥാ വ്യതിയാനം, ലോകത്തെ അനേകം പ്രദേശങ്ങളെ അതിവേഗം തരിശുഭൂമിയാക്കുകയാണ്. ആഫ്രിക്കയിലെ അനേകം രാജ്യങ്ങള്‍ മഴ കിട്ടാതെ കൊടുംവരള്‍ച്ചയുടെ പിടിയിലാണ്. ഭൂമിയിലെ ജലസമ്പത്ത് അതിവേഗം തീരുന്നതായാണ്, ഐക്യരാഷ്ട്ര സഭ തന്നെ മുന്നറിയിപ്പ് നല്‍കുന്നത്. വെള്ളത്തിന്റെ അമിത ഉപയോഗം കുറച്ചു കൊണ്ടുവന്നാലേ ഇനിയുള്ള കാലം പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നും യു എന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് സിംഗപ്പൂരിലെ ദേശീയ ജലബോര്‍ഡ് മൂത്രത്തില്‍നിന്നും ബിയര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലേക്ക് തിരിഞ്ഞത്. നേരത്ത തന്നെ ഇവിടെ മലിനജലം ശുദ്ധീകരിച്ച് നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. വ്യവസായിക ആവശ്യങ്ങള്‍ക്കും എയര്‍ കണ്ടീഷനിംഗ് ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ചു കൊണ്ടിരുന്ന ഈ സംസ്‌കരിച്ച ജലം, ഇപ്പോള്‍ ബിയര്‍ നിര്‍മാണത്തിന് കൂടി ഉപയോഗിച്ചിരിക്കുകയാണ് സിംഗപ്പൂര്‍.
ന്യൂബ്രൂ എന്ന പേരിലാണ് പുതിയ ബിയര്‍ സിംഗപ്പൂരില്‍ വിപണിയിലിറക്കിയത്. ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സിംഗപ്പൂര്‍ ദേശീയ ജല ബോര്‍ഡ് പറയുന്നത്. ഇത് സിംഗപ്പൂരിലെ കടകളില്‍ ലഭ്യമാണ്. മൂത്രത്തില്‍നിന്നും നിര്‍മിച്ച ബിയറിന് നല്ല രുചിയാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.