NEWSWorld

ക്വാഡ് ഉച്ചകോടി ഇന്ന്; ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികൾ ചർച്ചയാകും, മോദി-ബൈഡൻ കൂടിക്കാഴ്ചയ്ക്കും സാധ്യത

ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രെയ്ന്‍ വിഷയവും ടോക്ക്യോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.

ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Signature-ad

അതേസമയം ഇന്നലെ ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തിരുന്നു. ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂർവം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പറഞ്ഞു. ജനാധിപത്യം ഇന്ത്യയിൽ കൂടുതൽ ശക്തമാകുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ നിലവിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തുന്നത് റെക്കോർഡ് പോളിംഗ് ശതമാനമാണ്. ഇന്ത്യൻ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയിലെ നല്ല പങ്കാളിയാണ് ജപ്പാൻ. ബുദ്ധിസം ഇന്ത്യയേയും ജപ്പാനെയും ബന്ധിപ്പിക്കുന്നു.

തീവ്രവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ ഒന്നിച്ച് നേരിടുന്നു. കൊവിഡിൽ ലോകം പകച്ചപ്പോൾ ഇന്ത്യ ഉണർന്ന് പ്രവർത്തിച്ചു. മറ്റ് രാഷ്ട്രങ്ങളിലേക്ക് മരുന്നും, വാക്സീനും അയച്ച് സഹായിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ആശാ വർക്കർമാരെ ലോകാരോഗ്യ സംഘടന ആദരിച്ചത്. ആശാവർക്കർമാർക്ക് ആദരമർപ്പിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

Back to top button
error: