CrimeNEWS

വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തിയിരിക്കണം; ഇല്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടൻ നാട്ടിലെത്തുമെന്ന് സൂചന. ജോർജിയയിൽക്കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായിൽ എത്തിയിട്ടുണ്ട്. പാസ്പോർട് റദ്ദാക്കിയതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന പ്രത്യേക യാത്രാരേഖകൾ തയാറാക്കിയാണ് കൊച്ചിയിലെത്തിക്കുന്നത്. ഇതിനായുളള നടപടികൾ ഇന്നലെത്തന്നെ തുടങ്ങിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം എത്തിയില്ലെങ്കിൽ ഇന്‍റർപോൾ മുഖേന റെ‍ഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വിജയ് ബാബുവിന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവാൻ തയ്യാറാണെന്ന് വിജയ് ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവാൻ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസ് ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മറുപടി. ജോർജിയയിലുള്ള വിജയ് ബാബുവിനോട് കേരളത്തിൽ തിരികെയെത്താനുളള ടിക്കറ്റ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്താൽ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നൽകി. അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയിൽ സമർപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന് നിലപാടെടുത്ത കോടതി ഹ‍ർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

Signature-ad

അതേസമയം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്ത താര സംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യം പാസ്പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയിൽ മെമ്പർഷിപ്പുണ്ടാകും, പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റുവെന്ന് ഹരീഷ് പേരടി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് നടന്‍റെ പ്രതികരണം.

‘അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല, ‘അമ്മ ഡാ…സംഘടന..ഡാ’. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്. ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്, പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് നടന്‍ ഷമ്മി തിലകന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Back to top button
error: