BusinessTRENDING

മൃഗസംരക്ഷണ ക്ഷീരമേഖലയിലെ കർഷകർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക പാക്കേജ്

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ കർഷകർക്ക് പ്രവർത്തനമൂലധനം കുറഞ്ഞ പലിശ നിരക്കിൽ വായ്പയായി ലഭ്യമാക്കുന്ന പദ്ധതിക്ക് രൂപം കൊടുക്കുവാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും കൈകോർക്കുന്നു. ഇതിനായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വിളിച്ചുചേർത്ത യോഗത്തിൽ മിൽമയുടെ മൂന്ന് മേഖല യൂണിയന്റെയും ചെയർമാൻമാർ, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ധനസഹായം സംബന്ധിച്ച് വിവിധ പദ്ധതികൾ അവതരിപ്പിച്ചു.

ജൂൺ ഒന്നു മുതൽ വായ്പ പദ്ധതിക്ക് തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ 10000 കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിക്കും. ക്ഷീരവരകസന വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് (JLG) വിവിധ പദ്ധതികൾക്കായി പരിശീലനവും, വായ്പാ സഹായവും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷ നൽകിയിട്ട് വായ്പ ലഭിക്കാത്ത കർഷകർക്ക് ആദ്യഘട്ടത്തിൽ മുൻഗണനാ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാക്കും. കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷ കൈകാര്യം ചെയ്യുന്നതിലുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ഐ ടി അധിഷ്ഠിത സംവിധാനത്തിന് രൂപം കൊടുക്കും. നിലവിൽ മൃഗസംരക്ഷണ വകുപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂമിക ഡേറ്റാ ബേസ് അധിഷ്ഠിതമായി കർഷകരെ തിരിച്ചറിഞ്ഞ് യഥാർത്ഥ കർഷകർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്കാണ് രൂപം കൊടുക്കുന്നത്.

Signature-ad

ക്ഷീരകർഷകർക്ക് ഗുണമേന്മ ഒരു മാനദണ്ഡമാക്കി പാലിന് അധിക വില നൽകുന്നതിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ മിൽമയുടെ ഉത്പന്നങ്ങൾ വിതരണത്തിനായി മൊബൈൽ ഷോപ്പുകൾ വനിതാ സംരംഭകർക്ക് ആയി ആരംഭിക്കുവാൻ സഹായം നൽകുന്ന വിഷയവും എസ് ബി ഐയുടെ പരിഗണനയിലുണ്ട്. ഈ പദ്ധതിയുടെ ഏകോപനത്തിനായി എസ് ബി ഐ യുടെയും സർക്കാരിന്റെ പ്രതിനിധികൾ അടങ്ങുന്ന ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകി.
യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ട വിഷയങ്ങൾ താല്പര്യപൂർവ്വം പരിഗണിക്കുമെന്ന് എസ് ബി ഐ യുടെ അധികൃതർ ഉറപ്പു നൽകി. യോഗത്തിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ് ശിവശങ്കർ ഐ എ എസ് , കേരളത്തിലെ ചുമതലയുള്ള എസ് ബി ഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സാലി എസ് തിരുവനന്തപുരം സർക്കിൾ സി ജി എം ശ്രീകാന്ത്, മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി, എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത്, തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ ഭാസുരാംഗൻ, എം പി ഐ, കേരള ഫീഡ്സ്, കെപ്കോ,മിൽമ മാനേജിങ് ഡയറക്ടർമാർ, മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ്, എസ് ബി ഐ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Back to top button
error: