പയ്യന്നൂര്‍: ശുചിമുറിയില്‍ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും സംഭരിച്ചുവെച്ചതിലൂടെ വിവാദമായ പിലാത്തറയിലെ കെ.സി റസ്റ്റാറന്റ് ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു.ഫുഡ്സേഫ്റ്റി വിഭാഗം കണ്ണൂര്‍ അസി. കമീഷണര്‍ ടി.എസ്. വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്റെയും പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെയും സാന്നിധ്യത്തില്‍ തളിപ്പറമ്ബ് ഭക്ഷ്യസുരക്ഷാ ഓഫിസര്‍ യു. ജിതിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം നടന്ന പരിശോധനക്കുശേഷമാണ് നോട്ടീസ് നല്‍കിയത്.
അതേസമയം ഹോട്ടലിലെ കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ചുമടുതാങ്ങി കെ.സി ഹൗസില്‍ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരന് ചെറുകുന്നിലെ ടി. ദാസന് (70) എന്നിവരെയാണ് പയ്യന്നൂര്‍ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഞായറാഴ്ച രാവിലെ പത്തോടെയാണ് ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടങ്ങിയ 31 അംഗ സംഘം കണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ പിലാത്തറ കെ.എസ്.ടി.പി റോഡിലെ കെ.സി റസ്റ്റാറന്റില്‍ എത്തിയത്. ചായ കുടിച്ചശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് പച്ചക്കറികളും പലവ്യഞ്ജനങ്ങളും അവിടെ സൂക്ഷിച്ചനിലയില്‍ കണ്ടത്.
ഇതിന്റെ ഫോട്ടോയും വിഡിയോയും മൊബൈലില്‍ പകര്‍ത്തിയ ഡോക്ടറെ ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതായാണ് കേസ്.