ന്യൂമാഹി: ബൈക്ക് റേസിംഗ് താരം ന്യൂമാഹി സ്വദേശി അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിലായി. ബെംഗളൂരു സഞ്ജയ് നഗറില്‍നിന്ന് ഭാര്യ സുമേറ പര്‍വേസിനെ രാജസ്ഥാന് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പ്രതിയായ, അഷ്ബാഖിന്റെ മാനേജര്‍ അബ്ദുള്‍സാദിറിനെ പിടികിട്ടാനുണ്ട്. കേസില്‍ രണ്ടുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റേസിങ് ടീമിലെ അംഗങ്ങള്‍ കര്‍ണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് നേരത്തേ പിടിയിലായത്.
സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്സാല്‍മേറില്‍ റേസിങ് പരിശീലനത്തിനിടെയാണ് അഷ്ബാഖിനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ സുമേറ പര്‍വേസ്, സാബിഖ്, കര്‍ണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അഷ്ബാഖ് ജയ്സാല്‍മേറിലെത്തിയത്. ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്. അവിടെനിന്നാണ് കുടുംബസമേതം ബെംഗളൂരുവിലെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനില്‍തന്നെ അതിവേഗം കബറടക്കുകയായിരുന്നു. അഷ്ബാഖിന്റെ സഹോദരന് ടി.കെ അര്‍ഷാദും മാതാവ് സുബൈദയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മരണത്തിനുപിന്നാലെ അഷ്ബാഖിന്റെ അക്കൗണ്ടില്‍നിന്ന് 68 ലക്ഷം രൂപ പിന്‍വലിച്ചതും സംശയത്തിനിടയാക്കി. ബെംഗളൂരുവില്‍ വ്യാപാരിയായ സഹോദരനും മാതാവും മൂന്നുവര്‍ഷമായി നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
2018 ഓഗസ്റ്റിലാണ് ജയ്സല്‍മേറിലെ മോട്ടോര്‍ റാലിക്കിടെ അബ്സഖ് മോനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശീലനത്തിനിടെ വഴിതെറ്റി മരുഭൂമിയില്‍ ഒറ്റപ്പെട്ട് നിര്‍ജലീകരണം മൂലം മരണം സംഭവിച്ചെന്നായിരുന്നു നിഗമനം.
സുമേറ പര്‍വേസ്, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്, സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അസ്ബഖ് ജയ്സാല്‍മീറിലെത്തിയത്. 2018 ഓഗസ്റ്റ് 15 ന് ഇവരെല്ലാം കൂടിയാണ് റേസിംഗ് ട്രാക്ക് കാണാന്‍ പോയത്. പിന്നീട് അസ്ബഖിനെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ സംശയമില്ലെന്ന് സംഭവദിവസം ഭാര്യ സുമേറ പര്‍വേസ് പോലീസിനോട് പറഞ്ഞു. ഇതോടെ വിശദമായ അന്വേഷണം നടത്താതെ പൊലീസ് കേസ് അവസാനിപ്പിച്ചു.
എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അസ്ബഖിന്റെ മാതാവും സഹോദരനും പൊലീസില്‍ പരാതി നല്കി. ഇതോടെ പൊലീസ് വീണ്ടും അന്വേഷണം ആരംഭിക്കുകയും സ്വാഭാവികമരണമെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്ബഖിന്റെ പുറത്ത് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. അസ്ബഖിന്റെ മരണത്തില്‍ ഭാര്യയുടെയും സുഹൃത്ത് സഞ്ജയുടെയും പങ്കിനെക്കുറിച്ച് തുടക്കംമുതലേ സംശയമുണ്ടായിരുന്നു എന്ന് ജയ്സല്മീര് എസ്.പി. അജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ദുബായിൽ താമസിച്ചിരുന്നപ്പോൾ ഭാര്യയും അസ്ബഖും തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും വഴക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
അസ്ബഖ് മരിച്ച സ്ഥലത്ത് ആദ്യമെത്തിയത് സുഹൃത്ത് സഞ്ജയ് ആണ്. അസ്ബഖിന്റെ മൊബൈല്‍ ഫോണും സാധനങ്ങളും ഇയാള്‍ കൈക്കലാക്കിയതായി കണ്ടെത്തി. മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആദ്യം ഒളിവില്‍ പോയ സഞ്ജയ്, വിശ്വാസ് എന്നിവരെ ബംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.