ബംഗളൂരു: മലബാറിൽനിന്ന് ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം ആളുകളും തീവണ്ടി മാർഗമാണ് യാത്ര ചെയ്യുന്നത്. മലബാറിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഡെയിലി സർവീസ് നടത്തുന്ന കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസാണ് ഇവരുടെ ആശ്രയം.കണ്ണൂരിൽനിന്ന് യശ്വന്ത്പൂർ എത്താൻ ഈ വണ്ടി എടുക്കുന്ന സമയം 14 മണിക്കൂറാണ്.ഇതിൽ ഒരുമണിക്കൂറോളം ബാംഗ്ലൂർ സിറ്റിക്ക് അകത്തുള്ള ബാനസവാഡി എന്ന് സ്റ്റേഷനിൽ പിടിച്ചിടുന്നതാണ്. ഈ ട്രെയിൻ എത്തിച്ചേർന്ന് അഞ്ചു മിനിറ്റുകൾക്ക് ശേഷം ബാനസവാഡിയിൽ എത്തിച്ചേരുന്ന യശ്വന്ത്പൂർ വരെയുള്ള ഹൗറ യശ്വന്ത്പൂർ എക്സ്പ്രസിന് വെറും രണ്ട് മിനിറ്റുകൊണ്ട് സിഗ്നൽ വീഴുമ്പോഴാണ് ഇതെന്നോർക്കണം.
നഗരപരിധിക്കുള്ളിലാണെങ്കിലും ചെറിയൊരു ഗ്രാമമാണ് ബാനസവാഡി.അധികം ബസ് സർവീസ് ഇല്ലാത്തതിനാൽ ഇവിടെയിറങ്ങുന്നവർക്ക് ഓട്ടോ ടാക്സികാർക്ക് വലിയ പണം കൊടുത്ത് പോകേണ്ട അവസ്ഥയാണുള്ളത്.മലബാർ ബാംഗ്ലൂർ റൂട്ടിലെ ഏറ്റവും തിരക്കുള്ള ഒരു ട്രെയിൻ കൂടിയാണിത്.ബാനസവാഡിയിലെ ഒരു മണിക്കൂറോളമുള്ള കാത്തുകിടപ്പ് ഒഴിവാക്കിയാൽ ഈ ട്രെയിനിന് 13 മണിക്കൂർ കൊണ്ട് യശ്വന്ത്പൂരിൽ എത്താൻ സാധിക്കും.ജനപ്രതിനിധികൾ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് മലബാർ ബംഗളൂരു റൂട്ടിലെ യാത്രക്കാരുടെ ആവശ്യം.