കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറി എത്തിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കുന്നതിൽ ബിജെപിയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ ,ന്യൂനപക്ഷ വോട്ടുകൾ .ബിജെപി സംസ്ഥാന രാഷ്ട്രീയത്തിലെ നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകുന്ന ഒരു തിരിച്ചടി കൂടിയാണ് അബ്ദുള്ളക്കുട്ടിയുടെ തിരഞ്ഞെടുപ്പ് .
സംസ്ഥാനത്ത് നിന്ന് ആരെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിയാലും ഗ്രൂപ് പ്രശ്നം വരുമെന്ന് ദേശീയ നേതൃത്വത്തിന് അറിയാം .മുസ്ലിം വിഭാഗത്തിൽ നിന്ന് ഒരാളെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുന്നത് ദേശീയ തലത്തിൽ ഒരു ചലനം ഉണ്ടാക്കുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത് .പ്രത്യേകിച്ചും ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ .
അബ്ദുള്ളകുട്ടിയെ സംസ്ഥാന ഉപാധ്യക്ഷൻ ആക്കിയപ്പോഴും സംസ്ഥാന നേതൃത്വം അതറിഞ്ഞില്ലായിരുന്നു .അതെ മാതൃക തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത് .ബംഗാളിൽ പോലും പടർന്നു കയറാൻ ബിജെപിയ്ക്ക് ആയെങ്കിലും കേരളം ബാലികേറാമലയായി നിൽക്കുകയാണ് .മതന്യൂനപക്ഷ വോട്ടുകൾ കൂടി ആകർഷിച്ചാൽ മാത്രമേ ബിജെപിയ്ക്ക് കേരളത്തിൽ വളരാൻ ആകൂ എന്ന് ദേശീയ നേതൃത്വം തിരിച്ചറിയുന്നു .ഈ തിരിച്ചറിവാണ് അബ്ദുള്ളക്കുട്ടിയ്ക്ക് തുണയായത് .
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യമാസകാലം മോഡി തരംഗം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ ബിജെപിയ്ക്ക് ഒരു സീറ്റിൽ പോലും ജയിക്കാൻ ആയില്ല .20 സീറ്റ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ചെറുതാണെങ്കിലും കേരളം ഒരു അഭിമാനപ്രാശ്നം ആയിരിക്കുകയാണ് .
മുസ്ലിം വിരുദ്ധ പാർട്ടി എന്ന ചീത്തപ്പേര് എങ്ങനെ കേരളത്തിൽ കഴുകിക്കളയും എന്നാണ് ബിജെപി കേന്ദ്രനേതൃത്വം നോക്കുന്നത് .ന്യൂനപക്ഷങ്ങളുടെ ശക്തമായ പിന്തുണയില്ലാതെ പാർട്ടിക്ക് കേരളം പിടിക്കാൻ ആവില്ല .അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാരോഹണം കേരളത്തിൽ ഗുണകരമാകുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത് .