KeralaNEWS

‘ഇത്തരക്കാരോട് പുച്ഛം’ കോണ്‍ഗ്രസിനെതിരെ ശാരദക്കുട്ടി; ഉമ തോമസിനെ അധിക്ഷേപിച്ച ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതിയുമായി കോൺഗ്രസ് അനുകൂല സംഘടന

 പി.ടി തോമസ് ജീവിച്ച കാലമത്രയും തഴഞ്ഞ ശേഷം സഹതാപം ആവശ്യം വന്നപ്പോഴാണ് കോണ്‍ഗ്രസ് ഉമ തോമസിന്റെ നേതൃപാടവം തിരിച്ചറിഞ്ഞതെന്ന ആക്ഷേപവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. ഉമ തോമസ് മികച്ച സ്ഥാനാര്‍ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് ചതിയാണെന്ന് ശാരദക്കുട്ടി പറഞ്ഞു.

സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛമാണുള്ളത്. ജയിച്ചാല്‍ കണ്ണുനീര്‍ ജയിച്ചു എന്നും തോറ്റാല്‍ കണ്ണുനീര്‍ തോറ്റു എന്നും സമ്മതിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം.

Signature-ad

ഇതിനിടെ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ സമൂഹമാധ്യമത്തിലൂടെ, കേരള സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചതായി പരാതി. സെക്രട്ടറിയേറ്റിലെ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ തോമസിനെ അധിക്ഷേപിച്ചത്.

സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല ഗ്രൂപ്പുകളിൽ ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീത്വത്തെ അവഹേളിച്ചെന്ന വിമർശനം ഉയർന്നതിന് പിന്നാലെ സര്‍വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായ ഡെപ്യൂട്ടി സെക്രട്ടറി വിവാദ പോസ്റ്റ് പിൻവലിച്ചു.

അതേസമയം, ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകാൻ സെക്രട്ടേറിയറ്റ് അസോസിയേഷൻ വനിതാ വിഭാഗം തീരുമാനിച്ചു. കൂടാതെ, ദേശീയ, സംസ്ഥാന വനിത കമ്മീഷനുകളെ സമീപിക്കാനും കോൺഗ്രസ് അനുകൂല സംഘടന തീരുമാനിച്ചിട്ടുണ്ട്.

Back to top button
error: