കൊളംബോ: ഇടക്കാല സർക്കാർ എന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വാഗ്ദാനം ശ്രീലങ്കയിലെ പ്രതിപക്ഷകക്ഷിയായ സമഗി ജനബലവേഗയ (എസ്ജെബി) തള്ളി. എസ്ജെബി നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിക്കാമെന്നായിരുന്നു ഗോട്ടബയയുടെ വാഗ്ദാനം.
എന്നാൽ ഗോട്ടബയയെയും മഹിന്ദയെയും തൽസ്ഥാനത്തിരുത്തി സർക്കാരുണ്ടാക്കാൻ താനില്ലെന്നു പ്രേമദാസ വ്യക്തമാക്കി. രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നാണ് ഗോട്ടബയയുടെയും മഹിന്ദയുടെയും നിലപാട്. പ്രസിഡൻഷ്യൽ ഭരണരീതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 18 മാസത്തേക്ക് ഇടക്കാല സർക്കാരുണ്ടാക്കണമെന്ന ശ്രീലങ്ക ബാർ അസോസിയേഷന്റെ നിർദേശത്തെ എസ്ജെബി പിന്തുണച്ചിരുന്നു.
ഇതിനിടെ, വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷാസേനാംഗങ്ങളുടെ അവധി പ്രതിരോധമന്ത്രാലയം റദ്ദാക്കി. അവധിയിലുള്ളവർ ഉടൻ തിരിച്ചെത്തണമെന്നും നിർദേശിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സഹായിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ചൈനയുടെ നിക്ഷേപം കൂടുതലുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിൽ നിന്ന് 10 കോടി ഡോളറിന്റെ അടിയന്തര സഹായം കിട്ടുന്നതിനായുള്ള പരിശ്രമത്തിലാണ് ലങ്ക സർക്കാർ.